മല്ലികയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഏറ്റു; വരച്ചവരയിൽ മോഹൻലാൽ ടീമെത്തി; ഇനി പൃഥ്വിരാജിനെ ഒറ്റക്ക് ക്രൂശിക്കാൻ കഴിയില്ല

എംപുരാന്‍ സിനിമയില്‍ ഗുജറാത്ത് കലാപം പരാമര്‍ശിക്കപ്പെട്ടതിൽ വലിയ വിമര്‍ശനം ഉന്നയിച്ച ആര്‍എസ്എസ് ഉന്നമിട്ടത് സംവിധായകന്‍ പൃഥ്വിരാജിനെ തന്നെയായിരുന്നു. സ്വന്തം ആളായി സംഘപരിവാര്‍ കരുതിയിരുന്ന മോഹന്‍ലാലില്‍ നിന്നും ഇത്തരമൊരു നീക്കം ഉണ്ടാകില്ലെന്ന് വരുത്തിയാണ് ബോധപൂര്‍വ്വം ഈ ആക്രമണം നടത്തിയത്. ഇതിനൊപ്പം സംഘപരിവാര്‍ സഹയാത്രികനും മോഹന്‍ലാലിൻ്റെ അടുപ്പക്കാരനുമായ സംവിധായകന്‍ മേജര്‍ രവിയും പൃഥ്രിരാജിനെ ക്രൂശിക്കാൻ രംഗത്തെത്തി. മോഹന്‍ലാൽ സിനിമ പൂർണമായി കണ്ടിരുന്നില്ല എന്നും വിവാദത്തിൽ അദ്ദേഹത്തിന് വിഷമമുണ്ടെന്നും രവി പറഞ്ഞതോടെ ലാലിനെ പൃഥ്വി ചതിച്ചെന്ന പ്രതീതിയായി. ഇതിനെ ലാൽ തള്ളിയതുമില്ല തിരുത്തിയതുമില്ല.
ഇതോടെയാണ് മല്ലിക സുകുമാരന്‍ കളത്തില്‍ ഇറങ്ങിയത്. പൃഥ്വിരാജ് പ്രതിസന്ധിയിൽ പെടുമ്പോഴെല്ലാം രക്ഷകയായി അമ്മ മല്ലിക എത്തുന്നത് കരിയറിന്റെ ആദ്യകാലം മുതലുള്ള പതിവാണ്. മോഹന്‍ലാല്‍ അറിയാത്തതൊന്നും സിനിമയില്‍ ഇല്ലെന്നും സിനിമയുടെ അണിയറ കാര്യങ്ങളെല്ലാം തനിക്ക് അറിയാമെന്നും പൃഥ്വിരാജിനെ മാത്രം ക്രൂശിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ തുറന്നടിച്ചതോടെ കളിമാറി. കാര്യങ്ങൾക്ക് വ്യക്തത വരുത്തേണ്ട അവസ്ഥയിലേക്ക് മോഹൻലാൽ ടീം എത്തിയത് അങ്ങനെയാണ്. ഞായറാഴ്ച ഫെയ്സ്ബുക്കിലിട്ട ഒറ്റ ഖേദത്തോടെ പ്രശ്നം പരിഹരിക്കാമെന്ന് കരുതിയിടത്ത് നിന്ന് ഇന്നത്തെ ആൻ്റണിയുടെ വിശദീകരണത്തിലേക്ക് കാര്യങ്ങൾ എത്തിയത് അങ്ങനെയാണ്.
ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വലിയ വിവാദങ്ങളിലേക്ക് ഒന്നും കടന്നില്ല. സിനിമ എഡിറ്റ് ചെയ്യാനുള്ള തീരുമാനം എല്ലാവരും ഒന്നിച്ചെടുത്തതാണ് എന്ന് വിശദീകരിച്ച ശേഷം, മല്ലിക സുകുമാരൻ പറഞ്ഞതിലേക്ക് തന്നെ വന്നു; “മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥയറിയാം, എനിക്കറിയാം, ഞങ്ങൾക്കെല്ലാവർക്കും എല്ലാമറിയാം, അങ്ങനെ അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല”… മേജർ രവി പറഞ്ഞത് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് തനിക്ക് പറയാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയും ചെയ്തു. “ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല, ഞങ്ങളെത്ര വർഷമായി അറിയുന്നവരാണ്, ഞങ്ങളൊന്നിച്ച് ആലോചിച്ചെടുത്ത സിനിമയല്ലേ” എന്നും വിശദീകരിച്ചു.
ഇതുവരെ ഒറ്റക്ക് നിന്ന് ആക്രമണമേറ്റ പൃഥ്വിരാജിനെ ചേർത്തുപിടിക്കുമെന്നും ആക്രമിക്കാന്‍ ഇട്ടുകൊടുക്കില്ലെന്നും, ടീം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മോഹന്‍ലാലിൻ്റെ നാവായ ആന്റിണി പെരുമ്പാവൂര്‍ പറയുമ്പോള്‍ അത് മല്ലികയെന്ന അമ്മയുടെ പോരാട്ട വിജയം കൂടിയാണ്. മേജര്‍ രവിയുടെ പ്രതികരണമാണ് മല്ലികയെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ കണ്ട മേജർ ആദ്യം പ്രതികരിച്ചത് മികച്ച ചിത്രം എന്നാണ്. വിമര്‍ശനം വന്നതോടെ മൊഴിമാറ്റി അരമണിക്കൂറോളം ഫെയ്സ്ബുക്ക് ലൈവിലെത്തി പൃഥ്വിക്കെതിരെ പ്രതികരിച്ചു. ലാലിന് മനസറിവില്ലാതെ ഇതിന് രവി തുനിയില്ല എന്നാണ് മല്ലിക അടക്കം എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്. അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് ഇപ്പോൾ ഫലംകണ്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here