എംപുരാന്‍ മുല്ലപ്പെരിയാറില്‍ തൊട്ടു; പൊള്ളുന്നത് ഗോകുലം ഗോപാലന്; നാളെ ചിട്ടിക്കമ്പനിക്ക് മുന്നില്‍ ഉപരോധം പ്രഖ്യാപിച്ച് തമിഴ് സംഘടനകള്‍

എംപുരാന്‍ സിനിമയിലെ മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പരാമര്‍ശത്തില്‍ ആരംഭിച്ച തമിഴ്‌നാട്ടിലെ പ്രതിഷേധം നേരിട്ട് ബാധിക്കുന്നത് ഗോകുലം ഗോപാലനെ. തമിഴ്‌നാട്ടില്‍ ചിട്ടിയും ഫിനാന്‍സ് സ്ഥാപനങ്ങളുമായി വലിയ സാമ്രാജ്യം തന്നെ ഗോകുലം ഗോപാലനുണ്ട്. തന്റെ വ്യവസായങ്ങളെ ആകെ ബാധിക്കുന്ന തരത്തിലേക്ക് ഈ വിഷയം വളരുന്നതില്‍ ഗോപാലന് കടുത്ത ആശങ്കയുണ്ട്
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ പ്രതിഷേധം. പെരിയാര്‍ വൈഗ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷനടക്കം നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്കു മുന്നില്‍ നാളെ ഉപരോധസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട് കരാറിന്റെ കാര്യം പറയുന്നത് തമിഴ്‌നാടിനുള്ള താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പ്രതിഷേധിക്കുന്നവരുടെ വാദം. ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലേക്കും പ്രതിഷേധം വ്യാപിക്കുകയാണ്. എമ്പുരാന്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. സിനിമയെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനത്തില്‍ ഗോകുലം ഗോപാലന് ആശങ്കയില്ല. കാരണം സിനിമ വലിയ കളക്ഷന്‍ നേടി മുന്നോട്ടു പോവുകയാണ്. ഇനി ഒരു സിനിമ നഷ്ടമായാല്‍ പോലും അതും ഗോപാലന്‍ വിഷയമല്ല. കേരളത്തേക്കാള്‍ കൂടുതല്‍ ഗോകുലം ഗോപാലൻ നിക്ഷേപിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെ മറ്റ് സ്ഥാപനങ്ങളിലേക്ക് പ്രതിഷേധം നീളുന്നത് തിരച്ചടിയാകും എന്ന് ഉറപ്പാണ്. സംഘപരിവാര്‍ സംഘടനകള്‍ കൂടി തമിഴ്‌നാട്ടില്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന ഭയവും ഗോകുലം ഗോപാലനുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here