ഒരിടവേളക്കുശേഷം തിരിച്ചെത്തുന്ന ‘രായപ്പന്‍ വിളികള്‍’!! രാജ്യവിരുദ്ധനെന്ന് വരെ ആക്ഷേപം; വിവാദങ്ങളില്‍ നിന്ന് പൃഥ്വിരാജിനെന്ന് മോചനം

വായിൽ വെള്ളിക്കരണ്ടിയുമായി ജനനം എന്നു പറയുമ്പോലെ സിനിമാപ്രവേശനം അനായാസമായെങ്കിലും പിന്നീടിങ്ങോട്ട് കരിയറിൽ വലിയ വെല്ലുവിളികൾ നേരിട്ട് വളർന്നുവന്ന നടനാണ് പ്രഥ്വിരാജ്. ആദ്യകാലത്ത് താരസംഘടനയുടെ വിലക്ക് വരെ നേരിടേണ്ടിവന്നിട്ടുണ്ട്. നിലപാടുകൾ തുറന്നു പറഞ്ഞതിൻ്റെ പേരിൽ പൊതുസമൂഹത്തിൽ നിന്നും പ്രതിഷേധങ്ങൾ നേരിട്ടു. എന്നിട്ടും പലപ്പോഴും തലകുനിക്കാതെ നടന്നുകയറാൻ സുകുമാരൻ്റെയും മല്ലികയുടെയും മകന് കഴിഞ്ഞു.
വിവാഹക്കാര്യത്തെക്കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളെല്ലാം നിഷേധിച്ച ശേഷം ആരെയും അറിയിക്കാതെ പൊടുന്നനെ നടത്തിയ വിവാഹം മാധ്യമങ്ങളെ പോലും ശത്രുപക്ഷത്താക്കി. പിന്നീട് ഒന്നിച്ചൊരു അഭിമുഖത്തിന് ഇരുന്ന്, സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്ന ഏകനടനെന്ന് പൃഥ്വിക്ക് സുപ്രിയ നൽകിയ സർട്ടിഫിക്കറ്റ് ഏറെക്കാലം ട്രോളുകൾക്ക് വിഷയമായി. എഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസുമായി നടത്തിയ ഈ ഇൻ്റർവ്യൂവിന് പിന്നാലെയാണ് രായപ്പൻ വിളികളും തുടങ്ങിയത്. കടുത്ത അധിക്ഷേപത്തിൻ്റെ പരിധിയിലേക്കും അത് കടന്നു.
ഇതിനിടയിലും പലപ്പോഴും നിലപാട് തുറന്ന് പറഞ്ഞു പൃഥ്വിരാജ് വാർത്തകളിൽ നിറഞ്ഞു. കൊച്ചിയില്‍ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട കേസോടെ താരസംഘടനയിൽ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ എതിർപക്ഷത്താണ് പൃഥ്വി എന്ന പ്രതീതിയുണ്ടായി. കുറ്റം തെളിയുന്നത് വരെ പ്രതിക്കും ഇരക്കും ഒപ്പം നിൽക്കുമെന്ന നിലപാടിൽ നിന്ന് താരസംഘടനയെ മാറ്റിയതിൽ പൃഥ്വിരാജിൻ്റെ പങ്ക് നിർണായകമായിരുന്നു. ഇതോടെയാണ് ദിലീപ് സംഘടനയിൽ നിന്ന് പുറത്താകുന്ന സാഹചര്യം ഉണ്ടായതും.
ഏറെ പണിപ്പെട്ടും കഠിനാധ്വാനം ചെയ്തും ആളുകളെ കൊണ്ട് അതെല്ലാം മാറ്റിപ്പറയിക്കും വിധം പിന്നെ പൃഥ്വി വളർന്നു. നല്ല ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്തും അതിനായി അത്യധ്വാനം ചെയ്തും പകരക്കാരന്‍ ഇല്ലാത്ത നടനായി മാറി. മോഹൻലാൽ ടീമുമായി ചേർന്നെടുത്ത ലൂസിഫർ നിർണകമായി. ലാലിനോടുള്ള ഇഷ്ടം വീതംവച്ച് നൽകി ഫാൻസ് ഏറ്റെടുത്തത് പൃഥ്വിയുടെ ജനസമ്മതി ഉയർത്തി. ബ്രോഡാഡി വിജയിച്ചതും എംപുരാൻ പ്രഖ്യാപിച്ചതും അന്യഭാഷകളിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗമായതുമെല്ലാം മലയാളികളെ മാറ്റിചിന്തിപ്പിച്ചു.
എമ്പുരാന്‍ വിവാദത്തോടെ വീണ്ടുമെല്ലാം പഴയപടിയായി. മോഹൻലാലിനെ പൃഥ്വിരാജ് ചതിച്ചുവെന്ന വികാരം വ്യാപകമായതോടെ ഫാൻസും സംശയിക്കുന്ന സ്ഥിതിയായി.ബന്ധപ്പെട്ടവർക്ക് ആർക്കും ഒന്നും തുറന്നു പറയാനും കഴിയാതിരുന്ന സാഹചര്യത്തിൽ പഴയ രായപ്പൻ വിളികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി. ഒപ്പം ആർഎസ്എസിൻ്റെ വിമർശനവും. ഇത്രയുമായപ്പോഴാണ് സാഹചര്യത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ് അമ്മ മല്ലിക സുകുമാരൻ വിഷയത്തിൽ ഇടപെട്ടത്.
അതുകൊണ്ട് വിവാദത്തിന് അയവൊന്നും ഉണ്ടായില്ലെങ്കിലും ലാലിനെ പൃഥ്വി ചതിച്ചുവെന്ന് പൊതുവിലുണ്ടായ ധാരണക്ക് കനംകുറഞ്ഞു. മോഹൻലാൽ അറിയാത്തതൊന്നും എംപുരാനിൽ ഇല്ലെന്നാണ് മല്ലിക ഉറപ്പിച്ച് പറഞ്ഞത്. റിലീസിന് തലേന്ന് സുപ്രിയ പൃഥ്വിരാജിൻ്റെ വിമർശകരോട്, ‘ആളറിഞ്ഞ് കളിക്കെടാ’ എന്ന് വെല്ലുവിളി രൂപത്തിൽ ഷെയർചെയ്ത പോസ്റ്റുകൂടി എടുത്തുവച്ചായി ഇപ്പോൾ തിരിച്ചടി. സിനിമ വീണ്ടും എഡിറ്റ് ചെയ്യേണ്ടി വന്നതിന് പിന്നാലെ, ‘ആളറിഞ്ഞ് കളിക്കെടാ രായപ്പാ’ എന്നായി ട്രോളുകൾ.
“സിനിമ ഇറങ്ങും മുമ്പ് ഭാര്യയെ ഇറക്കി നാട്ടുകാരെ വെല്ലുവിളിക്കുക, റിലീസായ ശേഷം എൻ്റെ മോനേ കൊല്ലല്ലേന്ന് അമ്മയുടെ നിലവിളി, നീ പെരിയ വീരൻടാ”, എന്നാണ് ഏറ്റവും പുതിയ ട്രോൾ…. സംവിധായകനായ പൃഥ്വിരാജ് പ്രേക്ഷകരോട് പറയേണ്ട കാര്യങ്ങളാണ് ഇപ്പോൾ എംപുരാനെക്കുറിച്ച് ലാലും മല്ലികയും പറയുന്നത് എന്നത് വാസ്തവം. എന്നുവച്ച് ഇനി പൃഥ്വി സംസാരിക്കാൻ തയ്യാറായാലും ഇതിനൊന്നും അറുതിയുണ്ടാകില്ല എന്നതും സത്യം. അതുകൊണ്ടാണ് ഇപ്പോൾ പലരും ചോദിച്ചു പോകുന്നത്, എന്നാണിതിൽ നിന്നെല്ലാം പൃഥ്വിക്കൊരു മോചനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here