സംഘപരിവാറിനെ വെട്ടിലാക്കി സുരേഷ് ഗോപിയുടെ വെളിപാട്… എംപുരാനെ മുന്നിൽനിർത്തി നടക്കുന്നതെല്ലാം ‘ബിസിനസ്’; എല്ലാം പിആര്‍ വര്‍ക്കെന്ന് കേന്ദ്രമന്ത്രി!!

എംപുരാന്‍ വിവാദത്തിന്റെ പേരില്‍ ആര്‍എസ്എസ് വലിയ പ്രതിഷേധവും വിമര്‍ശനവും ഉന്നയിച്ച് വിവാദസീനുകൾ ഒഴിവാക്കാൻ അണിയറക്കാർ നീക്കം നടത്തുമ്പോഴാണ് എല്ലാം വെറുതെയാണെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തുന്നത്. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം ബിസിനസ് ലക്ഷ്യമിട്ടാണ് എന്നാണ് സുരേഷ് ഗോപിയുടെ കണ്ടെത്തല്‍. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ്. ഏതെങ്കിലും ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് മുറിക്കാമെന്ന് പറഞ്ഞത്. അതുവച്ച് വീണ്ടം വിവാദം ഉണ്ടാക്കുന്നത് കഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസർ എംപുരാനെതിരെ തുടരെതുടരെ ലേഖനങ്ങൾ എഴുതുകയാണ്. സമീപകാലത്തെങ്ങും ആരുടെ കാര്യത്തിലും ഇല്ലാത്തത് പോലെ പൃഥ്വിരാജിനെ പേരെടുത്ത് വിമർശനം ഉന്നയിക്കുകയുമാണ്. എംപുരാൻ രാജ്യവിരുദ്ധമാണെന്നും പൃഥ്വി രാജ്യവിരുദ്ധൻ ആണെന്നും ആക്ഷേപം ഉന്നയിച്ചതോടെയാണ് പ്രതിഷേധം ഉണ്ടാക്കിയ സീനുകൾ വെട്ടിച്ചുരുക്കുന്നത്. ഈ ഘട്ടത്തിലാണ് സുരേഷ് ഗോപിയുടെ വെളിപാട്. എല്ലാം ബിസിനസ് ആണെന്നും ജനങ്ങളെ സ്ക്രൂചെയത് പണം ഉണ്ടാക്കുകയാണെന്നും ആണ് ബിജെപി സർക്കാരിലെ ഒരു സഹമന്ത്രി പറയുന്നത്. വിവാദത്തിൻ്റെ ഒരറ്റത്ത് ഇപ്പോഴും സജീവമായി നിൽക്കുന്ന ആർഎസ്എസിന് ഇത് വലിയ ക്ഷീണം ചെയ്യും.
ചിത്രത്തില്‍ 24 കട്ടുകള്‍ വരുത്തുകയും വില്ലന്റെ പേര് മാറ്റുകയും ചെയ്തത് വലിയ വിജയമായാണ് സോഷ്യൽ മീഡിയയിലെ ആര്‍എസ്എസ് ഹാന്‍ഡിലുകള്‍ ആഘോഷിക്കുന്നത്. മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തിയതിലും രോമാഞ്ചം കൊള്ളുകയാണ്. ഈ അവസരത്തിലാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ തലതിരിഞ്ഞ പ്രതികരണം. ഇത് ഒരുവിഭാഗത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനെ വിശദീകരിക്കാൻ സംഘപരിവാര്‍ പാടുപെടും.
ഒരുവിഷയത്തിലും അതിൻ്റെ രാഷ്ട്രീയം ഉൾക്കൊള്ളാതെ വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന സുരേഷ് ഗോപിയുടെ ശൈലി ബിജെപിയിൽ വ്യാപക അതൃപ്തി ക്ഷണിച്ചു വരുത്തുന്നുണ്ട്. പ്രവർത്തകർക്കൊന്നും ഒരു കാര്യത്തിനും സമീപിക്കാൻ കഴിയുന്ന സാഹചര്യമില്ല. സംസ്ഥാന നേതാക്കൾക്ക് പോലും വേണ്ട പരിഗണന കൊടുക്കാൻ തയ്യാറില്ല. എല്ലാം മനസിലാക്കുന്നുണ്ട് എങ്കിലും അതെല്ലാം ബിജെപിയുടെ കാര്യമായി വിട്ട് കാര്യമായ ഇടപെടലിന് ആർഎസ്എസ് തയ്യാറായിട്ടില്ല. എന്നാലിപ്പോൾ എംപുരാനിലെ ലേറ്റസ്റ്റ് ഡയലോഗ് അവഗണിക്കാൻ സംഘത്തിന് കഴിയുമെന്ന് തോന്നുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here