ആറുവര്‍ഷം, രണ്ടേകാൽ കോടി, പണിതീരാതെ ‘ഇഎംഎസ് സ്മൃതി’ !! എസ്റ്റിമേറ്റിൻ്റെ മൂന്നിരട്ടി ചിലവിട്ട് നിയമസഭയിലെ ഡിജിറ്റല്‍ ലൈബ്രറി

പണിതിട്ടും പണിതീരാത്ത നിയമസഭയിലെ ഇഎംഎസ് സ്മൃതി. ആദ്യ എസ്റ്റിമേറ്റിന്റെ മൂന്നിരട്ടി തുക ചെലവാക്കിയിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്ന് പണി തീരുമെന്ന് ആര്‍ക്കും അറിയില്ല. 82 ലക്ഷം എസ്റ്റിമേറ്റുമായി ആറ് വര്‍ഷം മുമ്പ് പണി ആരംഭിച്ച സംരംഭത്തിനായി രണ്ടേകാല്‍ കോടി രൂപ മുടക്കിയിട്ടും പണി എങ്ങുമെത്തിയില്ല. ലളിത ജീവിതം നയിച്ച ഇഎംഎസിന്റെ പേരിലാണ് ധൂര്‍ത്തിന്റെ പുതിയ മാതൃക പിണറായി സര്‍ക്കാര്‍ തീര്‍ക്കുന്നത്.
സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് സ്ഥാപക നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മയ്ക്കായി നിയമസഭയില്‍ ഒരു ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുക എന്ന ഉദ്യേശത്തോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് നിയമസഭാ മന്ദിരത്തിലുണ്ടായിരുന്ന കുട്ടികളുടെ ലൈബ്രറി പൊളിച്ച് പണി തുടങ്ങിയത്. ഇഎംഎസിന്റ പേരില്‍ ഡിജിറ്റല്‍ ലൈബ്രറി എന്ന സ്മാരകം നിർമിക്കാൻ അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആണ് തീരുമാനിച്ചത്. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ കാലത്ത് ഏഴുലക്ഷം രൂപ മുടക്കി പണിത കുട്ടികളുടെ ലൈബ്രറിയാണ് ഇതിനായി പൊളിച്ചത്.

ഇഎംഎസ് സ്മൃതിക്കായി 2019ല്‍ സര്‍ക്കാര്‍ 82 ലക്ഷം രൂപ വകയിരുത്തി. എന്നാല്‍ ഡിജിറ്റല്‍ ലൈബ്രറി പണിയാന്‍ ഏല്‍പ്പിച്ച മാധ്യമപ്രവര്‍ത്തകനായ
ശരത് ചന്ദ്രന്‍ എന്ന വ്യക്തിക്ക് ഈ രംഗത്ത് യാതൊരു പരിചയവും ഇല്ലെന്ന് ആരോപണം ഉയര്‍ന്നു. സിപിഎം ബന്ധം കൊണ്ട് മാത്രമാണ് ചുമതല ലഭിച്ചതെന്നും ആക്ഷേപം ഉയർന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇതോടെ ശരത്ചന്ദ്രനില്‍ നിന്ന് നിര്‍മ്മാണ ചുമതല മാറ്റി.

നിയമസഭയുടെ കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ വീണ്ടും ഇഎംഎസ് സ്മൃതിയുടെ നിര്‍മാണം ത്വരിതഗതിയില്‍ നടത്താന്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം 2.25 കോടിയാണ് നിര്‍മാണ ചെലവ്. ആദ്യം തീരുമാനിച്ചതില്‍ നിന്നും മൂന്നിരട്ടിയാണ് ഇത്. ആദ്യഗഡുവായി 20 ശതമാനം തുകയായ 45 ലക്ഷം ‘ഇന്ററാക്ടീവ് മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് കേരള’യുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാൻ ഉത്തരവിറങ്ങി. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് മാര്‍ച്ച് 19നാണ് ഉത്തരവ് ഇറങ്ങിയത്.
ആശമാരുടെ സമരം തീര്‍ക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here