GST ആസ്ഥാനത്ത് ആഭിചാരം? കൂടോത്ര സാമഗ്രികൾ കണ്ട് ഭയന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ നാട്ടുകാർക്ക് പാരവയ്ക്കുന്നതും പണികൊടുക്കുന്നതും പുത്തരിയല്ല. എന്നാൽ സ്വന്തം ഓഫീസിലെ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കുമെതിരെ കൂടോത്രവും ആഭിചാരവും ചെയ്യുന്ന ഉദ്യോഗസ്ഥരും സംസ്ഥാനത്തുണ്ട്. ജിഎസ്ടി കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ക്യാബിനിൽ കൂടോത്ര വസ്തുക്കൾ കണ്ട് സ്ഥലംമാറിവന്ന ഉദ്യോഗസ്ഥൻ പേടിച്ചോടി. ആ ക്യാബിൻ തന്നെ ഉപേക്ഷിച്ച് പുതിയ മുറിയിലേക്ക് മാറി.
ഈയിടെ വിവാദങ്ങളെത്തുടർന്ന് സ്ഥലം മാറ്റപ്പെട്ട ഇടതു സംഘടനാ നേതാവും ഡെപ്യൂട്ടി കമ്മീഷണറുമായ എസ്.വി.ശിശിറിന്റെ മുറിയിൽ നിന്നാണ് ചെമ്പുതകിട്, ഏലസ്സ്, ചരട്, കോഴിമുട്ട, ഭസ്മം എന്നിവ കണ്ടെത്തിയത്. ഇയാൾക്ക് പകരക്കാരനായെത്തിയത് ഇടതുപക്ഷ ഗസറ്റഡ് ജീവനക്കാരുടെ സംഘടനാ നേതാവായ അജിത്ത്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സായ കരമനയിലുള്ള ടാക്‌സ് ടവറിലാണ് ആഭിചാര വസ്തുക്കൾ കണ്ടെത്തിയത്.
ആരുടെയോ തലതെറിപ്പിക്കാനോ അപകടം വരുത്താനോ ആയി ഉപയോഗിക്കുന്ന കൂടോത്ര വസ്തുക്കൾ കണ്ടതോടെ അജിത്ത് ഈ മുറി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറി. പകരം സെക്രട്ടറിയേറ്റിൽ നിന്നു വന്ന ഉദ്യോഗസ്ഥനെ കൂടോത്രമുറിയിൽ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. യുക്തിവാദവും വൈരുദ്ധ്യാത്മിക ഭൗതീക വാദവുമൊക്ക പ്രസംഗിച്ചുനടക്കുന്ന ഇടതുനേതാക്കളുടെ ഇരട്ട മുഖമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here