സൗദി വിചാരിച്ചാൽ… റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിൻ്റെ പുതിയ ഫോർമുല !!

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയും പെട്രോളിയം കയറ്റുമതി ചെയ്യുന്ന മറ്റ് ഒപെക് രാജ്യങ്ങളും മനസുവച്ചാൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിൻ്റെ അവകാശവാദം. ഈ രാഷ്ട്രങ്ങൾ എണ്ണവില കുറക്കുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ വെർച്വലായി അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിയോടും ഒപെക് രാജ്യങ്ങളോട് എണ്ണവില കുറക്കണമെന്ന് താൻ ആവശ്യപ്പെടാൻ പോവുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അവർ അങ്ങനെ ചെയ്യാതിരുന്നതിൽ തനിക്ക് അതിശയം തോന്നുന്നുണ്ട്. എണ്ണവില കുറഞ്ഞാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിലുള്ള എണ്ണവില യുദ്ധത്തിന് പിന്തുണ നൽകുന്ന തരത്തിൽ ഉയർന്ന് നിൽക്കുകയാണ്. നിങ്ങൾ എണ്ണവില കുറച്ച് യുദ്ധം അവസാനിപ്പിക്കാൻ തയാറാവണം. എണ്ണവില കുറഞ്ഞാൽ അതിനനുസരിച്ച് വായ്പ പലിശനിരക്കുകളും കുറയുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

അതേസമയം ട്രംപിൻ്റെ പ്രസ്താവനയെ പിന്തുണച്ച് യുക്രെയ്ൻ രംഗത്തെത്തി. എണ്ണവില കുറഞ്ഞാൽ യുദ്ധം അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആന്ദ്രേ യെമാക്ക് എക്സിൽ കുറിച്ചു. റഷ്യൻ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കാൻ ഉദ്ദേശിച്ചാണ് എണ്ണവില കുറപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം. അങ്ങനെ വന്നാൽ യുദ്ധവുമായി മുന്നോട്ട് പോകാൻ റഷ്യക്ക് കഴിയാതെ വരുമെന്നാണ് കണക്കുകൂട്ടൽ.

യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യക്കുമേൽ അധിക നികുതിയും ഇറക്കുമതി ചുങ്കവും ചുമത്തുമെന്ന് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. യു​ക്രെ​യ്ൻ യു​ദ്ധം ആ​രം​ഭി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ശക്തനായ പ്ര​സി​ഡ​ന്റ് ഉണ്ടായിരുന്നെങ്കി​ൽ യു​ദ്ധം ഉണ്ടാവില്ലായിരുന്നു. താ​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്നെ​ങ്കി​ൽ യുക്രെ​യ്ൻ യു​ദ്ധം​ സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top