എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസം; 1,031 അപേക്ഷകള്‍ കൂടി പരിഗണിക്കും

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകള്‍ കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി അര്‍ഹരായവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 2017 ലെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അപേക്ഷയാണ് പരിഗണിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പുകള്‍ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന അന്തിമ പട്ടിക എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് സെപ്റ്റംബര്‍ അവസാനം പ്രസിദ്ധീകരിക്കും.
20,808 പേരുടെ ഫീല്‍ഡുതല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീല്‍ഡ് പരിശോധന പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കല്‍ പരിശോധനയും മൂന്നാം ഘട്ട മെഡിക്കല്‍ ബോര്‍ഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂര്‍ത്തീകരിക്കും. 2011 ഒക്ടോബര്‍ 25നു ശേഷം ജനിച്ച ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിചരണവും പരിപാലനവും നല്‍കാനും തീരുമാനിച്ചു.
ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ തുടരാന്‍ ആവശ്യമായ തുക കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി നല്‍കും. ഈ വര്‍ഷം അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കുടിശ്ശിക തീര്‍ക്കും. സാമ്പത്തിക നിയന്ത്രണമില്ലാതെ മുന്‍ഗണനാടിസ്ഥാനത്തില്‍ തുക നല്‍കാനും തീരുമാനമായി. മൂളിയാര്‍ പുനരധിവാസ ഗ്രാമത്തില്‍ തെറാപ്പിസ്റ്റുകളെ നിയമിക്കും. ജീവനക്കാരെ നിയമിക്കാനും പരിശീലനം നല്‍കാനും നിപ്മെറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here