അരവിന്ദാക്ഷന് ഇ.ഡി കുരുക്ക് മുറുകുന്നു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഇ.ഡി; അന്വേഷണം രാഷ്ട്രീയ ഉന്നതരിലേക്ക്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി. ആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇ.ഡി ഇന്ന് കോടതിയിൽ സമർപ്പിക്കും. ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടി വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇ.ഡിയുടെ നിലപാട്.

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് സതീഷ് കുമാറും അരവിന്ദാക്ഷനും ദുബായ് യാത്ര നടത്തി. കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പവും രണ്ടു തവണ വിദേശയാത്ര നടത്തിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. അരവിന്ദാക്ഷന്‍റെ അമ്മ ചന്ദ്രമതിയുടെ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് 63.56 ലക്ഷം രൂപ എത്തിയതായും ഇ.ഡി കണ്ടെത്തി. പ്രതിമാസം 1,600 രൂപ മാത്രമാണ് അരവിന്ദാക്ഷന്‍റെ അമ്മ ചന്ദ്രമതിക്ക് പെൻഷനായി ലഭിക്കുന്നത്. അരവിന്ദാക്ഷന്‍റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ.ഡി വ്യക്തമാക്കുന്നു.

പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ആർ രാജനെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടുമായി ബന്ധപെട്ട വിവരങ്ങൾ സ്വീകരിക്കാൻ ഇന്നലെയും രാജനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാനും രാജനോട് ഇ.ഡി നിർദേശിച്ചിട്ടുണ്ട്. എന്നാൽ അരവിന്ദാക്ഷനും അമ്മയ്ക്കും ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന ആരോപണം ബാങ്ക് നിഷേധിച്ചിരുന്നു. ഇത് ചൂണ്ടി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് വാർത്താക്കുറിപ്പും പുറത്തിക്കിയിരുന്നു.

അതേസമയം, കരുവന്നൂര്‍ തട്ടിപ്പില്‍ ഉന്നത പോലീസ് രാഷ്‌ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്ന് അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ് എന്നിവരുടെ റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. പിടിയിലായവര്‍ ഇവരുടെ ബിനാമികളാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇഡി കോടതിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ജിൽസ് 2011-2019 വരെയുള്ള കാലയളവില്‍ പതിനൊന്ന് ഭൂമി കച്ചവടം നടത്തിയെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top