ഇ ഡി നീക്കം ഉലയ്ക്കുന്നു; എല്ലാ സഹകരണ സംഘത്തിലും കർശന പരിശോധനയ്ക്ക് തീരുമാനം; പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു

തിരുവനന്തപുരം: കരുവന്നൂര്‍-കണ്ടല സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകള്‍ക്ക് പിന്നാലെ എല്ലാ സഹകരണ സംഘത്തിലും കർശന പരിശോധനയ്ക്ക് സർക്കാർ തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചുള്ള പരിശോധനയ്ക്ക് സഹകരണ റജിസ്ട്രാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണങ്ങള്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നുള്ള കരുതലിന്റെ ഭാഗമായാണ് ഈ നീക്കം.

ഇഡി സഹകരണ മേഖലയിലേക്ക് കടന്നാല്‍ അത് സഹകരണ മേഖലയുടെ വിശ്വാസ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. 270 സഹകരണ സംഘങ്ങളില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

റജിസ്ട്രാറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 16,000 സംഘങ്ങളിലാണ് അന്വേഷണം നടക്കുക. നാല് ഇൻസ്പെക്ടർമാരുടെ സംഘമാണു പരിശോധന നടത്തുക. താലൂക്ക് തലത്തിൽ ടീം എല്ലാ മാസവും കുറഞ്ഞത് 6 പരിശോധന നടത്തി റിപ്പോർട്ട് ജോയിന്റ് റജിസ്ട്രാർക്കു നൽകണം. ജില്ലാ തലത്തിൽ മൂന്നംഗ സമിതികൾ ഒന്നിലധികം താലൂക്കുകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളിൽ പരിശോധന നടത്തണം. സംസ്ഥാന തലത്തിൽ അഡിഷനൽ റജിസ്ട്രാറുടെ നേതൃത്വത്തിൽ 5 പേരടങ്ങുന്ന നാലു സംഘങ്ങൾ രൂപീകരിക്കും.

ഒരു ഓഡിറ്റർ ഒരേ ബാങ്കിൽ വർഷങ്ങളായി സ്ഥിരം ഓഡിറ്റ് ചെയ്യുന്ന രീതി മാറ്റി നാല് ഓഡിറ്റർമാരുടെ സംഘം മുന്നറിയിപ്പില്ലാതെ പോയി പരിശോധിക്കുന്ന രീതി പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top