ഇഡി നടപടിയില്‍ സിപിഎം കടുത്ത ആശങ്കയില്‍; അധിക സമ്മര്‍ദ്ദം തൃശൂര്‍ സീറ്റിനോ എന്ന ചോദ്യം പാര്‍ട്ടിയില്‍ ശക്തം; കരുവന്നൂരില്‍ പാര്‍ട്ടി ഉറ്റുനോക്കുന്നത് ഇഡിയുടെ തുടര്‍ നടപടികള്‍
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയില്‍ പാര്‍ട്ടിയില്‍ കടുത്ത ആശങ്ക. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച അതേ നീക്കമാണ് ഇഡി തൃശൂരും നടത്തിയത്. ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ടില്‍ നിന്നും ഈ മാസം ഒരു കോടി പിന്‍വലിക്കുകയും അത് ആദായ നികുതി റിട്ടേണില്‍ നല്‍കാതിരിക്കുകയും ചെയ്ത നടപടിയാണ് സിപിഎമ്മിനെ സംശയമുനയിലാക്കിയത്. ഇഡിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെന്നതും പാര്‍ട്ടിയെ വെട്ടിലാക്കി. ആദായനികുതിവകുപ്പും ഈ വിഷയത്തില്‍ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ ഇനിയെന്ത് എന്ന ചോദ്യം സിപിഎമ്മിന് മുന്നിലുണ്ട്. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക കൂടാതെ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് മുന്‍നിര്‍ത്തിയുള്ള ഇഡി നീക്കത്തിന് തൃശൂര്‍ ലോക്സഭാ സീറ്റുമായി ബന്ധമുണ്ടെന്ന നിഗമനം പാര്‍ട്ടിയില്‍ ശക്തമാണ്. ബിജെപി ദേശീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം തൃശൂര്‍ സീറ്റ് ഒരു അഭിമാനപ്രശ്നമാണ്. നരേന്ദ്രമോദി അടുപ്പിച്ച് രണ്ട് തവണ വരുകയും റോഡ് ഷോ വരെ നടത്തുകയും ചെയ്ത മണ്ഡലമാണ് തൃശൂര്‍. പക്ഷെ എങ്ങനെ ഇവിടെ ജയം എന്ന ചോദ്യമാണ് ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിലുള്ളത്. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിന് മുകളില്‍ ഇഡി ചെലുത്തുന്ന അധിക സമ്മര്‍ദം ചര്‍ച്ചയാകുന്നത്.
തൃശൂരില്‍ ക്രൈസ്തവ സഭകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം വിജയം കണ്ടില്ല. സുരേഷ് ഗോപി ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ കിരീടം വീണുടഞ്ഞുഞ്ഞത് അശുഭകരമാണെന്ന പ്രചാരണം വ്യാപകമായിരുന്നു. കിരീടത്തില്‍ എത്ര സ്വര്‍ണം എന്ന ചോദ്യമുയർത്തി അത് വിവാദമാക്കുന്നതിൽ എതിർപക്ഷം വിജയിക്കുകയും ചെയ്തു. ഇതിലെല്ലാം പ്രതിരോധത്തിലായ സുരേഷ് ഗോപിക്ക് കിരീടദാനം തന്നെ തിരിച്ചടിച്ച അവസ്ഥയായിരുന്നു. ഈ രാഷ്ട്രീയസാഹചര്യത്തെ അതിജീവിക്കാൻ ബിജെപിക്കും സുരേഷ് ഗോപിക്കും പിന്നീട് കഴിഞ്ഞില്ല എന്ന പ്രതീതി വ്യാപകമാണ്. കരുവന്നൂരിനെ മുൻനിർത്തി കേന്ദ്ര ഏജൻസി നടത്തുന്ന നീക്കങ്ങളെ സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. ജില്ലാ സെക്രട്ടറി അടക്കം നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഇരിക്കേണ്ടി വരുന്ന സാഹചര്യം അത്യപൂർവമാണ്. സിപിഎം ഒരിക്കലും കണക്ക് കൂട്ടിയതുമല്ല.
സിപിഎമ്മിനെ കെട്ടിപ്പൂട്ടി തൃശൂരില്‍ വിജയമുറപ്പിക്കുകയാണോ ബിജെപി ലക്ഷ്യം എന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. കരുവന്നൂരില്‍ ഇഡി നീക്കങ്ങള്‍ നടത്തുമ്പോഴൊക്കെ ‘പുതിയ ഇന്ത്യ, പുതിയ കേരളം’ എന്ന ബിജെപി ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here