തൃശൂരും കൊച്ചിയിലുമായി ഒമ്പത് ഇടങ്ങളില്‍ ഇഡി റെയ്ഡ്; അയ്യന്തോള്‍, തൃശൂര്‍ സഹകരണ ബാങ്കുകളിലും റെയ്ഡ് തുടരുന്നു; അന്വേഷണം നീളുന്നത് എം.കെ.കണ്ണനിലേക്ക്
തിരുവനന്തപുരം: തൃശൂരും എറണാകുളത്തെയും സഹകരണ ബാങ്കില്‍ വ്യാപക എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടക്കുന്ന ഇഡി അന്വേഷണമാണ് മറ്റു സഹകരണ ബാങ്കുകളിലേക്കും വ്യാപിപ്പിക്കുന്നത്. കേരള ബാങ്ക് വൈസ് പ്രസിഡന്റായ സിപിഎം നേതാവ് എം.കെ.കണ്ണനിലേക്കാണ് അന്വേഷണം നീളുന്നത്. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡിറെയ്ഡ് നടക്കുന്നുണ്ട്. കണ്ണന്റെ സാന്നിധ്യത്തിലാണ് ഇ.ഡി റെയ്ഡെന്നാണു വിവരം. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. സായുധരായ അംഗരക്ഷകരുടെ അകമ്പടിയിലാണ് റെയിഡ് നടത്തുന്നത്. തൃശൂരും കൊച്ചിയിലുമായി ഒമ്പതിടത്താണ് റെയ്ഡ്.
കരുവന്നൂർ സഹകരണ ബാങ്കിൽ പി.സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതൽ ബാങ്കുകളിലേക്കു നീളുന്നത്. അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം. സതീഷ് കുമാറിന്റെ ബെനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. കരുവന്നൂർബാങ്ക് വഴി വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതുകൊണ്ടാണ് ഈ ബാങ്കുകളിലും റെയിഡ് നടക്കുന്നത്.
സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ സതീഷ്കുമാർ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണമാണെന്നാണു പുറത്ത് വരുന്ന വിവരം. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് കാഷ് ഡിപ്പോസിറ്റായി പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി കണ്ടെടുത്തിട്ടുണ്ടെന്നും വാര്‍ത്തകള്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here