തോമസ് ഐസക്കിനെ വിടാതെ ഇഡി; മസാല ബോണ്ട് കേസില്‍ 12ന് ഹാജരാകണം

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിനെ വിടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹാജരാകാന്‍ വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം 12ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് അയച്ചത്. മസാല ബോണ്ട് പുറത്തിറക്കിയതിൽ വിദേശനാണ്യ വിനിമയനിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
തോമസ് ഐസക്കിന് നോട്ടീസ് അയയ്ക്കുന്നത് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നേരത്തേ തടഞ്ഞിരുന്നു. ഇതോടെ കേസ് മരവിച്ചെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാൽ അന്വേഷണം തുടരാൻ തടസ്സമില്ലെന്നും പുതിയ നോട്ടിസ് ഇഡിക്ക് അയയ്ക്കാമെന്നും ഹൈക്കോടതി പിന്നീട് വ്യക്തമാക്കിയിരുന്നു.
മസാലബോണ്ട് വിവാദം ഇങ്ങനെ:
ഇന്ത്യൻ രൂപയിൽ വിദേശത്ത് ഇറക്കുന്നതാണ് മസാല ബോണ്ട്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി കിഫ്ബി 2019ല്‍ 2150 കോടി സമാഹരിച്ചിരുന്നു. 9.72 ശതമാനം പലിശയാണ് ധനസമാഹരണം നടത്തിയത്. ധനസമാഹരണം രൂപയിലായതിനാൽ വിനിമയ നിരക്കിൽ വരുന്ന വ്യത്യാസം ബാധിക്കില്ല എന്നതാണ് നേട്ടം.
പലിശ നിരക്ക് കൂടുതലാണെന്നും സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നുമുള്ള വിമര്‍ശനം കേരളത്തില്‍ നിന്നുയര്‍ന്നിരുന്നു. മറ്റ് കമ്പനികൾ ഇറക്കിയ മസാല ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പലിശ കുറവാണെന്നു പറഞ്ഞു സർക്കാർ പ്രതിരോധിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here