പങ്ക് വ്യക്തമാക്കി ഇഡിയുടെ റിമാൻഡ് റിപ്പോർട്ട്; അരവിന്ദാക്ഷനും ജിൽസും എറണാകുളം സബ് ജയിലിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ്റെ പങ്ക് വ്യക്തമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ റിമാൻഡ് റിപ്പോർട്ട്. ഇന്ന് അറസ്റ്റിലായ അരവിന്ദാക്ഷൻ തട്ടിപ്പിൽ മുഖ്യ കണ്ണിയാണ്. ആദ്യം അറസ്റ്റിലായ പ്രതി സതീഷ് കുമാറിൻ്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ അരവിന്ദാക്ഷൻ സ്വീകരിച്ചതായി കണ്ടെത്തി. എന്നാൽ നിയമപരമായി ഇതിൻ്റെ ഉറവിടം വെളിപ്പെടുത്താനായില്ല.
കരുവന്നൂരിൽ നിന്ന് ബിനാമി വായ്പയായി സതീഷ് കുമാർ കൈപ്പറ്റിയ പണത്തിൻ്റെ വിഹിതം ആണിതെന്ന് വ്യക്തമായതായി ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സതീഷ് കുമാറിൻ്റെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് അരവിന്ദാക്ഷന് അറിയാമായിരുന്നു. ഇതിനെല്ലാം ഒത്താശയും ചെയ്തു. 2015-17 കാലത്താണ് ഈ ഇടപാടുകളെല്ലാം നടന്നത്.
അരവിന്ദാക്ഷന് പല ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരുടെ ഇടപാടുകളും പരിശോധിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി വിശദീകരിക്കുന്നു. ഇക്കാര്യങ്ങളിൽ നിരവധി സാക്ഷിമൊഴികളും ഇ.ഡിക്ക് കിട്ടിയിട്ടുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ന് ഒപ്പം അറസ്റ്റിലായ ജിൽസിനെയും അരവിന്ദാക്ഷനെയും എറണാകുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here