ഇഡിക്ക് മുന്നില്‍ വിറച്ച് ഗോകുലം ഗോപാലന്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ ചോദ്യംചെയ്യുന്നു; എംപുരാന്‍ മാസില്‍ കേന്ദ്ര ഏജന്‍സി

എംപുരാന്‍ സിനിമാ വിവാദങ്ങള്‍ അവസാനിക്കും മുമ്പുതന്നെ നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സി. ചെന്നൈയിലേയും കോഴിക്കോട്ടേയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നതിനൊപ്പം ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.
വടകരയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാനായിരുന്നു ഇഡി ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ ഗോപാലന്‍ കോര്‍പറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. സ്ഥാപനങ്ങളില്‍ രാവിലെ മുതല്‍ റെയ്ഡ് തുടങഅങിയെങ്കില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത് രാവിലെ പതിനൊന്നരയോടെയാണ്. റയ്ഡില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ ഗോപാലനോട് ചോദിച്ച് വിശദീകരണം തേടുകയാണ് ഇഡി എന്നാണ് അറിയുന്നത്.
ആദ്യം ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലത്തിന്റെ ധനകാര്യ സ്ഥാപനങ്ങളിലാണ് റെയ്ഡ് ആരംഭിച്ചത്. എന്നാല്‍ കോഴിക്കോട്ടേക്കും റെയ്ഡ് നീട്ടിയത് അതിവേഗത്തിലുള്ള നടപടിയായിരുന്നു. ചെന്നൈയിലെ വീട്ടിലും റെയ്ഡുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഗോകുലം ഗോപാലന്റെ സ്ഥാപനത്തിലേക്ക് വന്ന വലിയ തുകയുടെ നിക്ഷേപം സംബന്ധിച്ച് വ്യക്തതയാണ് ഇഡി തേടുന്നത് എന്നാണ് വിവരം.
എംപുരാന്‍ സിനിമയുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. അതിന് പിന്നാലെയുള്ള റെയ്ഡ് പക പോക്കലായുള്ള പ്രതികരണങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സിനിമയുടെ സഹ നിര്‍മാതാവാണ് ഗോകുലം ഗോപാലന്‍. എംപുരാന്‍ സിനിമയുടെ നിർമ്മാണം ആദ്യം ഏറ്റെടുത്ത ലൈക്ക പ്രൊഡക്ഷൻസ് പിൻവാങ്ങിയ ശേഷം അവസാനഘട്ടത്തിൽ എത്തിയതാണ് ഗോകുലം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here