ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്തില്ല; പരസ്യമായി വസ്ത്രം വലിച്ചുകീറി എൻജിനിയറിങ് വിദ്യാർത്ഥിനിയുടെ പ്രതിഷേധം

രാജ്യത്ത് ബലാത്സംഗ കേസുകൾ ദിനംപ്രതി കൂടുന്നതല്ലാതെ അവയിൽ കുറ്റാരോപിതർക്കെതിരെ നടപടി ഉണ്ടാകുന്നത് വളരെ വിരളമാണ്. ആഗ്രയിൽ ബലാത്സംഗ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. ബലാത്സംഗത്തിന് ഇരയായ എൻജിനിയറിങ് വിദ്യാർത്ഥിനിയാണ് പരസ്യമായി വസ്ത്രം വലിച്ചു കീറിയത്. പെൺകുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

പരാതി കൊടുത്ത് 17 ദിവസം കാത്തിരുന്നിട്ടും പ്രതിയെ പിടികൂടാത്തതിലെ പ്രതിഷേധമാണ് പെൺകുട്ടിയെ ഇത്തരമൊരു പ്രവൃത്തിയിലേക്ക് എത്തിച്ചത്. സംഭവത്തിനുപിന്നാലെ 20 കാരിയെ പീഡിപ്പിച്ച ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെക് പഠിക്കുന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ലക്‌നൗ സ്വദേശിനിയായ പെൺകുട്ടിയെ ഓഗസ്റ്റ് 10 ന് വൈകീട്ട് ഓടുന്ന കാറിൽവച്ച് പീഡിപ്പിച്ചുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 11 ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ ലോക്കൽ പോലീസ് ഒരു ശ്രമവും നടത്തിയില്ല. ബലാത്സംഗം നടന്ന സമയത്ത് പ്രതിയുടെ ടവർ ലൊക്കേഷൻ ജമ്മുവിലാണെന്നാണ് പോലീസ് കാരണമായി പറഞ്ഞത്.

പിന്നീടുള്ള ദിവസങ്ങളിൽ പെൺകുട്ടി പലതവണ പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയും മുതിർന്ന ഉദ്യാഗസ്ഥരെ കാണുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പൊതുജനമധ്യത്തിൽവച്ച് വിവസ്ത്രയാകാൻ പെൺകുട്ടി തീരുമാനിച്ചത്.

അന്വേഷണ ഭാഗമായാണ് പ്രതിയെ ജമ്മുവിൽനിന്ന് ആഗ്രയിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതി പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിൽ നിന്നുള്ളയാളാണെന്നും ഐഐടിയിൽ പ്രവേശനം നേടുന്നതിനുമുമ്പ് ആഗ്രയിലെ ഒരു സർവകലാശാലയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top