ബിജെപിയിൽ ജഗട ജഗട!! പുതിയ പ്രസിഡൻ്റിന് ആദ്യ തലവേദനയായി ഇംഗ്ലീഷിൽ പോസ്റ്റർപോര്; പിന്നിൽ ‘ബിജെപി റിയാക്ഷൻ പ്ലാറ്റ്ഫോം’

കേരളത്തിൽ എല്ലാ പാർട്ടികളിലെയും ഉൾപാർട്ടി പ്രശ്നങ്ങൾ തെരുവീഥികളിൽ പോസ്റ്റർ പ്രചാരണമായി പുറത്തുവന്നിട്ടുണ്ടെങ്കിലും സംസ്ഥാന ബിജെപി ഇതിൽ ചരിത്രം സൃഷ്ടിച്ചു. തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡൻ്റ് വിവി രാജേഷിനെതിരായ ആരോപണങ്ങൾ മലയാളത്തിന് പുറമെ ഇംഗ്ലീഷിലും കൂടി പോസ്റ്ററടിച്ച് പുറത്തുവിട്ടിരിക്കുകയാണ് തൽപരകക്ഷികൾ. ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റിന് മലയാളം വായിക്കാനറിയാത്തത് കണക്കിലെടുത്താണ് ഈ സൌമനസ്യമെന്ന് വ്യക്തം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തോൽപിക്കാൻ വിവി രാജേഷ് വോട്ടുമറിച്ചു എന്നതാണ് പോസ്റ്ററിലെ പ്രധാന ആരോപണം എന്നതും കണക്കിലെടുക്കണം.
പുതിയ സംസ്ഥാന പ്രസിഡൻ്റ് ചുമതല ഏറ്റെടുത്തതിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഗ്രൂപ്പിസവും തമ്മിലടിയും തുടങ്ങുന്നു എന്നതിൻ്റെ സൂചനയായി തന്നെ ഇതിനെ കാണാം. വർഷങ്ങളായി തിരുവനന്തപുരം ജില്ലയിലെ ബിജെപിയിൽ നിലനിൽക്കുന്ന കിടമത്സരമാണ് മറനീക്കി പുറത്തുവരുന്നത്. രാജേഷ് വളരെ കാലമായി വി മുരളിധരൻ്റ വിശ്വസ്തനും ജില്ലയിലെ പ്രബല വിഭാഗത്തിൻ്റെ നേതാവുമാണ്. മറ്റൊരു മുൻ ജില്ലാ പ്രസിഡൻ്റായ എസ് സുരേഷും വി വി രാജേഷും തമ്മിലുള്ള ചേരിപ്പോര് കുപ്രസിദ്ധമാണ്. രാജേഷിൻ്റെ നഗരത്തിലെ മണിമാളിക വീടിൻ്റെ ഫ്ളക്സ് വെച്ചുള്ള പോര് മാധ്യമ വാർത്തകളിൽ നിറഞ്ഞുനിന്നതാണ്. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ പോസ്റ്റർ യുദ്ധം.
രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണ് എന്നാരോപിക്കുന്ന പോസ്റ്ററുകൾക്ക് പിന്നിലാരെന്ന് വ്യക്തതയില്ല. എന്നാൽ ഉന്നം പുതിയ പുനസംഘടനയിൽ രാജേഷിന് കിട്ടാനുള്ള പദവിയാണെന്ന് ഉറപ്പ്. അതിന് തടയിടുകയും പുതിയ സംസ്ഥാന പ്രസിഡൻ്റിന് അലോസരം ഉണ്ടാക്കുകയുമാണ് ഉദ്ദേശ്യമെന്ന് വ്യക്തം. സ്വാഭാവികമായും തിരുവനന്തപുരത്തെ പാർട്ടിയിലെ രാജേഷിൻ്റെ എതിരാളികൾ തന്നെയാണ് സംശയനിഴലിൽ. പാർട്ടിക്ക് പുറത്തു നിന്നാരും ആകില്ലെന്ന് പാർട്ടിക്കാരും ഉറപ്പിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന് വായിച്ച് മനസിലാക്കാനായി ഇംഗ്ലീഷിലും പോസ്റ്റർ അടിച്ചിറക്കിയതിൽ നിന്ന് തന്നെ ഇക്കാര്യം ഉറപ്പിക്കാം.
Also Read: തലസ്ഥാനം പിടിക്കാനുള്ള തലയായി രാജീവ് ചന്ദ്രശേഖർ; ലക്ഷ്യം വട്ടിയൂർക്കാവല്ല; അതുക്കും മേലെ…
ബിജെപി പ്രതികരണ വേദിയെന്നും BJP reaction platform എന്നുമൊക്കെയുള്ള പേരുകളാണ് പോസ്റ്ററുകൾക്ക് കീഴിൽ ചേർത്തിട്ടുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി രാജേഷ് കോൺഗ്രസിന് വേണ്ടി വോട്ട് മറിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു, ഇവയിൽ ഇഡി അന്വേഷണം വേണം, രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. തിരുവനന്തപുരം തമ്പാനൂരിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ എതിർവശത്താണ് പോസ്റ്ററുകൾ ആദ്യം കണ്ടത്. പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിനും സമീപത്തും കൂടാതെ വിവി രാജേഷിൻ്റെ വഞ്ചിയൂരിലെ വീടിന് സമീപത്തും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here