മഞ്ഞുമ്മല്‍ ബോയ്‌സ് ഇഷ്ടമായവര്‍ക്ക് മറ്റു ചില മലയാളം സര്‍വൈവല്‍ ത്രില്ലറുകള്‍; ഒടിടിയില്‍ കാണാം ഈ ജീവന്മരണ പോരാട്ടം
2024ല്‍ മലയാള സിനിമ പ്രേക്ഷകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിദംബരത്തിന്റെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഫെബ്രുവരി 22ന് തിയറ്ററുകൡ എത്തി. ലക്ഷണമൊത്തൊരു സര്‍വൈവല്‍ ത്രില്ലര്‍ എന്നാണ് നിരൂപണങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷണം. മലയാള സിനിമ പലകാലങ്ങളില്‍ പല തരം ഴോണര്‍ സിനിമകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വൈവല്‍ ത്രില്ലറുകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. മഞ്ഞുമ്മല്‍ ബോയ്‌സിനെ പോലെ യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചില മലയാളം സര്‍വൈവല്‍ ത്രില്ലറുകള്‍ പരിചയപ്പെടാം.
മാളൂട്ടി
ബേബി ശ്യാമിലി, ജയറാം, ഉര്‍വശി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭരതന്‍ ചിത്രമാണ് മാളൂട്ടി. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴൽകിണറിന്റെ മൂടാതെ കിടന്ന കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോണ്‍പോള്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയ മാളൂട്ടി, 1990ല്‍ ആണ് റിലീസ് ആയത്. ചിത്രം നിലവില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ലഭ്യമാണ്.
ടേക്ക് ഓഫ്
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് ഇറാക്കിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരുടെ കഥ പറയുന്ന ചിത്രമാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ പിടിയിലായ സമീറ എന്ന നായികാ കഥാപാത്രമായി പാര്‍വതി തിരുവോത്ത് എത്തിയ ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത സിനിമയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ആണ് നിലവില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ഹെലന്‍
അന്ന ബെന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച്, മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലന്‍ 2019ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിക് ഹബ് എന്ന ഫാസ്റ്റ്ഫുഡ് കൗണ്ടറില്‍ ജോലി ചെയ്യുന്ന ഹെലന്‍ അബദ്ധത്തില്‍ റെസ്‌റ്റോറന്റിലെ ഫ്രീസർ റൂമില്‍ അകപ്പെടുന്നതും അവിടുന്ന് പുറത്തുകടക്കാന്‍ നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ ഹെലന്‍ കാണാവുന്നതാണ്.
മലയന്‍കുഞ്ഞ്
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്നവരുടെ ഭീകരതയും വേദനയും തൊട്ടടുത്തെന്ന പോലെ കാണിച്ചു തരുന്ന ചിത്രമാണ് സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത മലയന്‍കുഞ്ഞ്. ഇടുക്കിയിലെ മലയോരഗ്രാമത്തില്‍ അമ്മയോടൊപ്പം താമസിക്കുന്ന അനില്‍കുമാര്‍ എന്ന അനിക്കുട്ടനാണ് മലയന്‍കുഞ്ഞിലെ ഇരയും നായകനും. ഫഹദ് ഫാസില്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. തിയറ്ററില്‍ ചിത്രം കാണാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ കാണാവുന്നതാണ്.
2018: എവരിവണ്‍ ഈസ് എ ഹീറോ
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018ല്‍ കേരളത്തെ നടുക്കിയ പ്രളയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. ഒരു ഗ്രാമത്തിലെ ജനതയുടെ അതിജീവനമാണ് സിനിമയില്‍ ജൂഡ് വരച്ചിട്ടിരിക്കുന്നത്. ടൊവിനോ തോമസ് ആണ് നായക കഥാപാത്രമായ അനൂപ് ആയി എത്തിയത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി നേടിയ ചിത്രം സോണിലിവില്‍ ആണ് നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വൈറസ്
കോഴിക്കോട് പടർന്നു പിടിച്ച, കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് കാലത്തെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രമായിരുന്നു വൈറസ്. കേരള സർക്കാരിന്റെയും അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയുടെയും നേതൃത്വത്തിൽ നിപ്പക്കെതിരെ നടത്തിയ പോരാട്ടമാണ് വൈറസ് എന്ന ചിത്രം വരച്ചിട്ടത്. സിസ്റ്റർ ലിനിയുടെ മരണം ഉൾപ്പെടെ വിഷയമാക്കിയ ചിത്രത്തിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ആസിഫ് അലി, ദർശന രാജേന്ദ്രൻ, കുഞ്ചാക്കോ ബോബൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു. ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here