ദാസനും വിജയനും ഇനി ഇംഗ്ലീഷ് പഠിപ്പിക്കും; വേറിട്ട തന്ത്രവുമായി ഒരു ഭാഷാപഠനം സോഷ്യൽ മീഡിയയിൽ
ഇംഗ്ലീഷ് സംസാരിക്കുകയെന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കിലും സംസാരിക്കാൻ പലരും ബുദ്ധിമുട്ടാറുണ്ട്. ഈസിയായി ഇംഗ്ലീഷ് സംസാരിക്കാൻ വളരെ വ്യത്യസ്തമായൊരു രീതി അവതരിപ്പിച്ചിരിക്കുകയാണ് സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ് അക്കാദമിയായ ബ്രിട്സ് ഇംഗ്ലീഷിന്റെ സ്ഥാപകൻ സി.വി.നിഷാദ് അഹമ്മദ്.
നാടോടിക്കാറ്റിലെ ദാസനും വിജയനും, പഞ്ചാബി ഹൗസിലെ ജബനും രമണനും, മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഗോപാലകൃഷ്ണനും എൽദോയും ഒക്കെ ഇംഗ്ലീഷ് സംസാരിച്ചാൽ എങ്ങനെയിരിക്കും?. മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടിയ സിനിമകളിലെ രസകരമായ സീനുകളിലൂടെയാണ് നിഷാദ് ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിഷാദിന്റെ വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.
നാടോടിക്കാറ്റ്, ഫ്രണ്ട്സ്, മാന്നാർ മത്തായി സ്പീക്കിങ്, പഞ്ചാബി ഹൗസ് തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയിലെ ചില രംഗങ്ങളാണ് നിഷാദ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തിയിരിക്കുന്നത്. അതും ഔപചാരികത ഒട്ടുമില്ലാതെ തീർത്തും സംസാരഭാഷയിൽ തന്നെയാണ് അവതരിപ്പിക്കുന്നത്. സിനിമയിലെ രംഗങ്ങൾ മലയാളികൾക്ക് ചിരപരിചിതമായതിനാൽ പഠനം എളുപ്പത്തിൽ മനസിലേക്ക് കയറുമെന്നാണ് നിഷാദ് കാണിച്ചുതരുന്നത്. ഒപ്പം ചിരി ആസ്വദിച്ച് പഠിക്കാമെന്നും.
കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ബ്രിട്സ് സ്ഥാപനം പ്രവർത്തിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ നിരവധി പേരാണ് ഇവിടെനിന്നും ഇംഗ്ലീഷ് സംസാരിക്കാൻ പ്രാവീണ്യം നേടിയതെന്ന് നിഷാദ് അവകാശപ്പെടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here