മെസ്സിയുടെ പേര് വിളിച്ച ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം; റൊണാൾഡോയ്ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്, നടപടിക്ക് സാധ്യത
![](https://www.madhyamasyndicate.com/wp-content/uploads/2024/02/ronaldo.jpg)
റിയാദ്: സൗദി പ്രൊ ലീഗ് മത്സരത്തിനിടെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ നടപടിയ്ക്ക് സാധ്യത. ഞായറാഴ്ച നടന്ന മത്സരത്തിൽ അൽ ഷബാബും റൊണാൾഡോയുടെ അൽ നസറും തമ്മിലായിരുന്നു മത്സരം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കളി അൽ നസര്‍ വിജയിക്കുകയും ചെയ്തു. എന്നാൽ ഗ്രൗണ്ട് വിടും മുൻപ് ഗ്യാലറിയിൽ നിന്ന് ആരാധകർ മെസ്സിയുടെ പേര് വിളിക്കാൻ തുടങ്ങി. തുടർന്ന് റൊണാൾഡോ ആരാധകരെ നോക്കി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രശ്നത്തിൽ ഇടപെട്ടത്. സംഭവം അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. താരത്തിനെതിരെ നടപടി എടുക്കുമെന്നാണ് സൂചന. വിലക്കുൾപ്പെടെ നൽകാൻ സാധ്യതയുണ്ടെന്നാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അൽ ഷബാബ് ആരാധകരാണ് കളിയിൽ ഉടനീളം മെസ്സിയുടെ പേര് വിളിച്ചുകൊണ്ടിരുന്നത്. വ്യാഴാഴ്ചയാണ് അൽ നസറിന്റെ അടുത്ത മത്സരം. അതിനുമുൻപ് ഫെഡറേഷന്റെ തീരുമാനം വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷവും മെസ്സിയുടെ പേര് വിളിച്ച ആരാധകർക്ക് നേരെ റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചിരുന്നു.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here