സംരംഭത്തിന് അനുമതി നൽകുന്നില്ല; മാഞ്ഞൂർ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ച വ്യവസായിയെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി; നടുറോഡിൽ സമരം തുടരുന്നു

കോട്ടയം: പണി പൂർത്തിയായ കെട്ടിടത്തിന് പഞ്ചായത്ത് നമ്പരിട്ട് നൽകുന്നില്ലെന്നാരോപിച്ച് പഞ്ചായത്തിന് മുന്നിൽ വ്യവസായിയുടെ പ്രതിഷേധം. പ്രവാസിയായ ഷാജിമോൻ ജോർജാണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ ആരംഭിച്ചത്. പൂർത്തീകരിച്ച ആറു നില കെട്ടിടത്തിന് നമ്പറിട്ടു കിട്ടാൻ പല തവണ അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ കൂട്ടാക്കുന്നില്ലെന്നാണ് പരാതി. ഓഫീസിന് മുന്നിൽ കട്ടിൽ ഇട്ട് കിടന്ന ഷാജിമോനെ പോലീസ് എത്തി ബലമായി ഓഫീസിന് മുന്നിൽ നിന്നും നീക്കി. ഇതോടെ പ്രതിഷേധം റോഡിലേക്ക് മാറ്റി.

പഞ്ചായത്ത് കാർ പോർച്ചിൽ ഇന്ന് രാവിലെ സമരം ആരംഭിച്ച ഷാജിമോനെ കടുത്തുരുത്തി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസുകാർ എത്തി കട്ടിലോടെ റോഡിലേക്ക് മാറ്റുകയായിരുന്നു. 25 കോടി മുടക്കി ആരംഭിച്ച സംരഭത്തിനാണ് അനുമതി നൽകാത്തത്. പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാത്തതിലുള്ള വൈരാഗ്യം കൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് വ്യവസായി ആരോപിച്ചു. കൂടാതെ കെട്ടിട നിർമാണ പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ മുൻപ് ഷാജിമോൻ ജോർജ് വിജിലൻസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ വിജിലൻസ് തെളിവ് സഹിതം പിടികൂടി. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പഞ്ചായത്ത് പെർമിറ്റ് നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യവും പഞ്ചായത്തിന് ഉണ്ടെന്ന് വ്യവസായി ആരോപിക്കുന്നുണ്ട്. നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഷാജിമോന് പിന്തുണ അറിയിച്ച് സ്ഥലത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top