‘പ്രേമം പാല’ത്തിന് പൂട്ടിട്ടു; നവ കേരള സദസിൽ പരാതി നൽകിയതിന് പിന്നാലെ നടപടി

2015ൽ പുറത്തിറങ്ങിയ ‘പ്രേമം’ സിനിമയിലൂടെ പ്രശസ്തമായ ആലുവയിലെ അക്വാഡക്ട് പാലത്തിലെ പ്രവേശനം നിരോധിച്ചു. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരമാണ് പാലത്തിലേക്കുള്ള എല്ലാ വഴിയും അധികൃതർ അടച്ചത്. പെരിയാർ വാലി ജലസേചന പദ്ധതിയുടെ ഭാഗമായിരുന്ന നീർപാലത്തിൻ്റെ പ്രവേശന കവാടങ്ങളിലെല്ലാം ഗ്രിൽ സ്ഥാപിച്ച് താഴിട്ട് പൂട്ടിയിട്ടുണ്ട്.
പാലത്തിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നവ കേരള സദസിൽ നാട്ടുകാരും സിപിഐ പ്രാദേശിക നേതൃത്വവും ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായി പ്രദേശം മാറി എന്നാണ് പരാതിയിലും ചൂണ്ടിക്കാട്ടിയിരുന്നത്.
50 വർഷം മുമ്പ് പറവൂർ, ആലങ്ങാട് മേഖലകളിലേക്ക് പെരിയാർ വാലി കനാലിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി ജലമെത്തിക്കാൻ വേണ്ടി നിർമിച്ചതാണ് ഈ പാലം. ഈ സ്ഥലം പശ്ചാത്തലമാക്കി സിനിമ ഇറങ്ങിയതിന് ശേഷം ‘പ്രേമം’ പാലം എന്നാണിത് അറിയപ്പെട്ടിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here