കേന്ദ്ര കമ്മറ്റി സ്ഥാനവും ലക്ഷ്യമിട്ട് നീക്കങ്ങള്‍; സിപിഎമ്മില്‍ നടക്കുന്നത് ഇപിയെ വെട്ടിനിരത്താനുളള ശ്രമങ്ങളെന്ന് വിലയിരുത്തല്‍

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തെറിപ്പിച്ചിട്ടും ഇപി ജയരാജനെതിരെ സിപിഎമ്മില്‍ നീക്കങ്ങള്‍. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ഇപിയെ പൂര്‍ണ്ണമായും വെട്ടിനിരത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇപിയെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ തന്നെ ഇപിക്കെതിരെ പി ജയരാജന്‍ പഴയ ആരോപണം വീണ്ടും ഉയര്‍ത്തിയത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. പാര്‍ട്ടിയുമായി അകല്‍ച്ച കാണിച്ച ഇപിയെ മുന്നണി കണ്‍വീനറാക്കി തിരികെ കൊണ്ടുവന്നപ്പോള്‍ വൈദേഹം റിസോര്‍ട്ടിലെ നിക്ഷേപം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചിരുന്നു. അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഇതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് കഴിഞ്ഞ ദിവസത്തെ സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഉന്നയിച്ചത്.

പരാതി ഇപ്പോള്‍ പരിഗണിച്ചിട്ടില്ലെന്നാണ് എംവി ഗോവിന്ദന്‍ മറുപടി നല്‍കിയത്. പരാതി തെറ്റണെന്നോ പരിശോധന നടത്തുമെന്നോ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടില്ല. വൈദേഹത്തിലെ കുടുംബത്തിന്റൈ ഓഹരി ഒഴിവാക്കിയിട്ടും ഇപിക്ക് ക്ലീന്‍ചിറ്റ് നല്‍കാത്തത് തുടര്‍ നടപടികള്‍ക്കുള്ള എല്ലാ പഴുതുമിട്ടാണ്. ഏത് അവസരത്തില്‍ വേണമെങ്കിലും ഈ ആരോപണം പൊടിതട്ടിയെടുത്തു കൊണ്ട് ഒരു അച്ചടക്ക നടപടി ഇപിയും പ്രതീക്ഷിക്കുന്നുണ്ട്. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടും ഇതുവരേയും ഇപി ഒരു പ്രതികരണവും നടത്തിയിട്ടില്ല. എല്ലാം ആത്മകഥ എഴുതി വ്യക്തമാക്കാം എന്ന് മാത്രമായിരുന്നു ഇപിയുടെ നിലപാട്.

നിലവില്‍ സിപിഎമ്മിലെ വിരുദ്ധ ചേരിക്കെതിരെ ഒരു പോരാട്ടത്തിനുള്ള കരുത്തോ അണികളുടെ പിന്തുണയോ ഇപിക്കില്ല. ഇത് നന്നായി അറിയാവുന്നതും ഇപിക്ക് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വിമര്‍ശിക്കാതെ പിന്‍വാങ്ങിയുളള തന്ത്രം ഇപി സ്വീകരിച്ചിരിക്കുന്നത്. തനിക്കെതിരായി അപ്രതീക്ഷിതമായ നടപടി ഉണ്ടായ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ലക്ഷ്യമിട്ട് ചില ആരോപണങ്ങള്‍ ഉന്നയിച്ചത് ഒഴിച്ചാല്‍ ഒരു പ്രതികരണവും പരസ്യമായി ഇപി നടത്തിയില്ല. പാര്‍ട്ടി അനുവദിച്ച എകെജി സെന്റിറിലെ ഫ്‌ളാറ്റ് ഉപേക്ഷിച്ച് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായി വീട്ടില്‍ തന്നെ ഒതുങ്ങിയിരിക്കുകയാണ് ഇപി.

സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടക്കുന്ന സമയമായതിനാല്‍ ഇപിയുടെ കേന്ദ്ര കമ്മറ്റി അംഗത്വത്തിനും ഭീഷണിയുണ്ട്. പിണറായി വിജയന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന കേന്ദ്ര കമ്മറ്റിയംഗമാണ് ഇപി. എന്നാല്‍ പോളിറ്റ് ബ്യൂറോയിലേക്ക് ഇപിയുടെ വരവ് ഇതുവരെ ഉണ്ടായിട്ടില്ല. ഇപിയെക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണന്‍, എംഎ ബോബി, എ വിജയരാഘവന്‍ ഇവരെല്ലാം പിബിയിലേക്ക് കയറി പോയപ്പോള്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായി ഇപി മൗനം പാലിച്ചു. എന്നാല്‍ കോടിയേരിയുടെ മരണ ശേഷം എംവി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായതോടെ പൊട്ടിത്തെറിച്ചു. ഏറെ പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ പോയതിലെ വികാരപരമായ പ്രതികരങ്ങളാണ് ഇപിയെ പിണറായിയില്‍ നിന്ന് അകറ്റിയത്. എല്ലാ വിവാദങ്ങളില്‍ നിന്നും രക്ഷിച്ച പിണറായിയുടെ സംരക്ഷണ വലയം പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയോടെ പൂര്‍ണ്ണമായും നഷ്ടമായി.

ഇപിയെ ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അങ്ങനെ ഒരു നിര്‍ദേശമുണ്ടായാല്‍ അതിന് ശക്തിപകരുക ബിജിപിയുമായുള്ള ചര്‍ച്ച എന്ന ആരോപണം തന്നെയാണ്. അതിനെ തടുക്കാന്‍ നിലവില്‍ ഇപിക്ക് കഴിയില്ല. ഇപി ഒഴിവായാല്‍ ആ സ്ഥാനത്തേക്ക് മന്ത്രി മുഹമ്മദ് റിയാസ് എത്തുമെന്ന് വിശ്വസിക്കുന്നവരാണ് പാര്‍ട്ടിയില്‍ ഏറിയ പങ്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top