ഇപിയുടെ ആത്മകഥ ചോര്‍ന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി; പാര്‍ട്ടി അന്വേഷണവും വന്നേക്കും
ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. കോട്ടയം എസ്പി ഷാഹുൽ ഹമീദാണ് റിപ്പോർട്ട് കൈമാറിയത്.
അന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റെയും ഡിസി രവിയുടെയും മൊഴി എടുത്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇപിയും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്. വാക്കാൽ കരാര്‍ ഉണ്ടെന്നാണ് രവി ഡിസി മൊഴി നൽകിയത്.
പുസ്തകം വരുന്നു എന്ന ഫെയ്സ്ബുക്ക് പോസ്റ്റും പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നാണ് രവി അന്വേഷണ സംഘത്തോടു പറഞ്ഞത്. അതേസമയം പബ്ലിക്കേഷന്‍ വിഭാഗം മേധാവിയെ ഡിസി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിലാണ് ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്.രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന പുസ്തകത്തിലെ പരാമര്‍ശം വിവാദമായിരുന്നു. ഒറ്റ രാത്രികൊണ്ട് പാര്‍ട്ടി മാറിയ പി.സരിന് പാലക്കാട് സീറ്റ് നല്‍കിയതിന് എതിരായും പുസ്തകത്തില്‍ വിമര്‍ശനം വന്നിരുന്നു.
പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കം അപ്പാടെ ഇപി തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു ഇപി പറഞ്ഞത്. ഡിസിയുമായി കരാറില്ലെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പക്ഷെ വിവാദത്തില്‍ ഇപിയെ തള്ളിക്കളഞ്ഞില്ല. പാര്‍ട്ടി തലത്തിലെ അന്വേഷണം ഉപതിരഞ്ഞെടുപ്പിന് ശേഷം വരുമെന്നാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here