ഇപിയെ വെറുതെ സംശയിച്ചു; അത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നെന്ന് പോലീസ് റിപ്പോര്‍ട്ട്; ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവും
സി.പി.എം. നേതാവ് ഇപി ജയരാജന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ പ്രചരിച്ചത് ഡിസി ബുക്‌സില്‍ നിന്ന് ചോര്‍ന്ന ഭാഗങ്ങളെന്ന് പോലീസ് കണ്ടെത്തല്‍. കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഡിസിയുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ഈ ഭാഗങ്ങള്‍ ചോര്‍ന്നത്. ശ്രീകുമാറിന്റെ മെയിലില്‍ നിന്നാണ് ഉള്ളടക്കം പുറത്തേക്ക് പോയത്. എന്നാല്‍ ഇത് ഇപി എഴുതിയ ആത്മകഥയാണോ എന്നതില്‍ വ്യക്തതയില്ല.
വിഷയം പകര്‍പ്പവകാശ നിയമത്തിന് കീഴില്‍ വരുന്ന കാര്യമായതിനാല്‍ പോലീസിന് നേരിട്ട് കേസെടുത്ത് അന്വേഷിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തന്നെ താന്‍ പരഞ്ഞത് ശരിയായില്ലേ എന്ന പ്രതികരണവുമായി ഇപി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തു.
താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞത്. ആത്മകഥ ചോര്‍ന്നത് ഡി സി ബുക്‌സില്‍ നിന്ന് തന്നെയാണ്. എന്ത് അഹന്തയും ധിക്കാരവുമാണെന്നും ഇപി ചോദിച്ചു. വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്നും എല്ലാ പോലീസ് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികരിച്ചു.
ആത്മകഥയെന്ന പേരില്‍ പ്രചരിച്ചത് താന്‍ എഴുതിയല്ലെന്നാണ് ഇപി ഇപ്പോഴും പറയുന്നത്. അപ്പോള്‍ അത് ആരാണ് എഴുതിയത് എന്നത് പ്രസക്തമായ ചോദ്യമാണ്. ഗൂഢാലോചന എന്ന് ഇപി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പോലീസ് അത് അന്വേഷിക്കേണതില്ലെന്ന നിലപാടിലാണ്. ഗൂഢാലോചനയില്‍ കേസെടുക്കണമെങ്കില്‍ പരാതിക്കാരനായ ഇപി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്. ഇനി അറിയേണ്ടത് ഇക്കാര്യം ആവശ്യപ്പെട്ട് ഇപി കോടതിയില്‍ പോകുമോ എന്ന് മാത്രമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here