ഇപിയുടെ വഴി പുറത്തേക്ക്; ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്ന ശോഭാ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലിൽ വീണുരുണ്ട് ഇടത് കൺവീനർ; ന്യായീകരിക്കാൻ ഇറങ്ങാതെ സിപിഎം

തിരുവനന്തപുരം: “ഇൻകം ടാക്സ് അന്വേഷണം വന്നപ്പോൾ പ്രതിപക്ഷ നേതാവ് പദവി ഉപയോ​ഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ആളാണ് വി.ഡി.സതീശൻ. രക്ഷപ്പെടാൻ കഴിയുന്നില്ലെന്ന് വന്നപ്പോൾ സതീശൻ ഡൽഹിക്ക് പോയി. ബിജെപി, ആർഎസ്എസ് നേതാക്കളെ കണ്ട് ധാരണയുണ്ടാക്കി. കേരളത്തിലെ ഇടതുപക്ഷത്തെ ശക്തമായും ബിജെപിയെ മൃദുവായും എതിർക്കാമെന്ന് ധാരണയുണ്ടാക്കിയാണ് സതീശൻ ഡൽഹിയിൽ നിന്ന് മടങ്ങിയത്. ഇപ്പോൾ ഇതാണ് കേരളത്തിൽ സതീശൻ നടത്തിക്കൊണ്ടിരിക്കുന്നത്.” കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ പ്രതിപക്ഷ നേതാവിനെതിരെ ചൊരിഞ്ഞ ആരോപണങ്ങളാണ് ഇതെല്ലാം. സതീശനെതിരെ ഉന്നയിച്ച ബിജെപി ആക്ഷേപങ്ങൾ ഇടിത്തീയായി ഇപിക്ക് മേൽ വന്നു പതിച്ചിരിക്കയാണ് ഇപ്പോൾ. ബിജെപിയിൽ ചേരാൻ ജയരാജൻ ചർച്ചകൾ നടത്തിയെന്നും, അതു സംബന്ധിച്ച് 90% ധാരണയിലെത്തി എന്നുമെല്ലാമുള്ള ശോഭാ സുരേന്ദ്രന്‍റെ വെളിപ്പെടുത്തൽ സിപിഎമ്മിനെയും നാണക്കേടിന്‍റെ പടുകുഴിയിലാക്കി.

ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബിജെപി എന്ന സിപിഎം നരേറ്റീവ് തിരഞ്ഞെടുപ്പ് കാലത്ത് ആളിക്കത്തിച്ച് നിർത്തിയ സിപിഎമ്മിന് വോട്ടിംഗിന്‍റെ തലേന്ന് കിട്ടിയ പ്രഹരത്തിൽ തലപൊക്കാനാവാത്ത അവസ്ഥയായി. പാർട്ടി കേന്ദ്ര കമ്മറ്റി അംഗവും മുന്നണി കൺവീനറുമായ വ്യക്തി തന്നെ ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് സാധ്യതയെപ്പോലും ബാധിക്കുമോ എന്ന ഭയത്തിലാണ് സിപിഎം നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന്‍റെ തൊട്ടടുത്തയാഴ്ച ജയരാജൻ ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് പറഞ്ഞത് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കേറ്റ ആദ്യ പ്രഹരമായി. ഇടത് സ്ഥാനാർത്ഥികൾ ജാഗ്രതയോടെ പ്രവർത്തിക്കാനാണ് ഇങ്ങനെ പറഞ്ഞതെന്ന ഇപിയുടെ ന്യായീകരണം പാർട്ടി പോലും മുഖവിലക്കെടുത്തില്ല.

ഇടത് കൺവീനർ ബിജെപി സ്ഥാനാർത്ഥികൾക്ക് ‘ഗുഡ് സർട്ടിഫിക്കറ്റ്’ കൊടുത്തതിന് പിന്നാലെയാണ് ഇപി ജയരാജനും ബിജെപിയുടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ഡീലുണ്ടെന്ന് ആരോപണം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തൊടുത്തു വിട്ടത്. ജയരാജന്‍റെ ഭാര്യയും മകനും ചേർന്ന് കണ്ണൂർ മൊറാഴയിൽ നടത്തുന്ന വൈദേകം ആയുർവേദ റിസോർട്ടിൽ കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖറിന്‍റെ നിരാമയ റിസോർട്സിന് പങ്കാളിത്തമുണ്ട് എന്നായിരുന്നു സതീശന്‍റെ ആരോപണം. അങ്ങനെയൊരു ബിസിനസ് ഇടപാടുണ്ടെന്ന് തെളിയിച്ചാൽ സ്വത്തുക്കൾ സതീശന് നൽകാമെന്ന് ജയരാജൻ തിരിച്ചടിച്ചെങ്കിലും പിന്നാലെ ബിസിനസുമായി ബന്ധപ്പെട്ട ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ ജയരാജൻ ആരോപണം ശരിവച്ചു. വർഗീയതയുമായി സന്ധി ചെയ്യുന്ന ബിജെപിയെ നേരിടാൻ സിപിഎം മാത്രമേയുള്ളൂ എന്നൊക്കെ സദാ പറയുന്ന പാർട്ടിയുടെ തലപ്പൊക്കമുള്ള നേതാവ് തന്നെ സംഘബന്ധമുള്ളവരുമായി കച്ചവടത്തിൽ ഏർപ്പെട്ട് കരാറുണ്ടാക്കിയെന്ന ആരോപണത്തെ ന്യായീകരിക്കാനോ വെള്ളപൂശാനോ സിപിഎം നേതൃത്വത്തിൽ നിന്നാരും ഇറങ്ങിയില്ല എന്നത് ശ്രദ്ധേയമായിരുന്നു.

ബിജെപിയുമായുള്ള വ്യാപാര ബന്ധത്തിന്‍റെ ചൂടാറുന്നതിന് മുമ്പേയാണ് പുതിയ വെളിപ്പെടുത്തലുകൾ. വിവാദ ദല്ലാൾ ടി ജി നന്ദകുമാറിന്‍റെ മധ്യസ്ഥതയിൽ ജയരാജൻ ബിജെപി നേതാക്കളെ കണ്ട് ചർച്ച നടത്തിയിരുന്നു എന്ന ശോഭാ സുരേന്ദ്രൻ പറഞ്ഞത് തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രിയ ആരോപണമായി കണ്ട് പലരും തുടക്കത്തിൽ തള്ളിയെങ്കിലും പിന്നാലെ കൂടുതൽ തുറന്നുപറച്ചിലുകൾ എത്തുന്നത് മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിധമാണ്. ഇന്നലെ നിഷേധിച്ചെങ്കിലും ആരോപണങ്ങൾ പലവഴിക്ക് പുറത്തുവരാൻ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ പ്രകാശ് ജാവഡേക്കറെ കണ്ടത് ഇന്നിപ്പോൾ ജയരാജൻ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ രാഷ്ട്രിയം സംസാരിച്ചില്ല എന്നാണ് വിശദീകരണം. ഇതെല്ലാം കണക്കിലെടുത്താണ് ഒടുവിൽ ഈ വോട്ടെടുപ്പ് ദിനത്തിൽ തന്നെ ജയരാജൻ്റെ ‘ജാഗ്രതക്കുറവിനെ’ മുഖ്യമന്ത്രി വിമർശിച്ചത്. ഈ ആരോപണത്തിൻ്റെ അലയൊലികൾ പാർട്ടിക്കുള്ളിൽ ഉടനെയൊന്നും കെട്ടടങ്ങുന്ന ലക്ഷണമില്ല.

കോൺഗ്രസിലെ താഴെത്തട്ടിലുള്ള നേതാക്കൾ ബിജെപിയിൽ ചേർന്നാൽ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് വാർത്താസമ്മേളനം നടത്തി കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന പതിവുണ്ട്. അത്തരം കടുത്ത വിമർശനം ഈ തിരഞ്ഞെടുപ്പ് കാലത്തും നടത്തിയ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവും മുന്നണി കൺവീനറുമായ വ്യക്തി ഡൽഹിയിൽ പോയി ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുണ്ടാക്കിയ നാണക്കേടും അമ്പരപ്പും എങ്ങനെ തരണം ചെയ്യുമെന്നറിയാതെ പുലിവാല് പിടിച്ച അവസ്ഥയിലാണ് സിപിഎം. ജയരാജനെതിരെ നടപടി എടുക്കാതെ ഒരടി പോലും മുന്നോട്ട് പോകാനാവില്ല. തിരഞ്ഞെടുപ്പ് ഫലം എന്തായാലും ജയരാജന്‍റെ കാര്യത്തിൽ പാർട്ടിക്ക് രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും. പാർട്ടി നടപടികൾ എന്നുണ്ടാവുമെന്ന് മാത്രം നോക്കിയാൽ മതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top