‘ഇംഗ്ലീഷിൽ മറുപടി പറഞ്ഞു, ഇനി ഹിന്ദിയിൽ വേണോ’ എന്ന് യെച്ചൂരി; ഇപി വിവാദത്തിൽ പ്രതികരിക്കാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി; കേരളത്തില്‍ പറഞ്ഞതിന് അപ്പുറം ഒന്നും പറയാനില്ല

ഡൽഹി: ഇ.പി.ജയരാജന്‍റെ ബിജെപി പ്രവേശന വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ പാർട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാഗ്രത പാലിച്ചാണ് അദ്ദേഹം വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്.
‘ഇംഗ്ലീഷിൽ മറുപടി പറഞ്ഞു, ഇനി ഹിന്ദിയിൽ വേണോ’ എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. കേരളത്തിൽ എത്ര സീറ്റ് നേടാനാകുമെന്നുള്ള ചോദ്യത്തിന്, രാഷ്ട്രീയ പോരാട്ടമാണിതെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തി. കാര്യങ്ങള്‍ 90 ശതമാനത്തോളം എത്തിയിരുന്നെന്നും പിന്നീട് അദ്ദേഹം പാര്‍ട്ടിയില്‍നിന്നുണ്ടായ ഭീഷണിമൂലം പിന്മാറുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. നേതാവ് ആരെന്ന കാര്യത്തില്‍ ശോഭ ആദ്യം സൂചന മാത്രം നല്‍കിയപ്പോള്‍ കെ.സുധാകരനാണ് ജയരാജന്റെ പേര് പരസ്യമാക്കിയത്.
വിവാദം കത്തിയതോടെ പ്രകാശ് ജാവഡേക്കര്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്ന് ഇപി സ്ഥിരീകരിച്ചു. ഇതോടെ സിപിഎം വിഷമവൃത്തത്തിലായി. ലോക്സഭാ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുന്‍പ് ആരംഭിച്ച വിവാദം സിപിഎമ്മിന് കടുത്ത ക്ഷീണമായി. ജയരാജന് ജാഗ്രതക്കുറവ് വന്നെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതല്ലാതെ സിപിഎം നേതാക്കളാരും വിഷയത്തില്‍ പ്രതികരണം നടത്തിയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here