ഇപി ഇടഞ്ഞു തന്നെ; പാര്‍ട്ടി പരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി; കണ്ണൂരിലെ ചടയന്‍ അനുസ്മരണത്തിനും എത്തിയില്ല
ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ ഇപി ജയരാജന്‍ പാര്‍ട്ടി പരിപാടികളെല്ലാം ഒഴിവാക്കി പ്രതിഷേധിക്കുന്നു. സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റിയംഗമായ ഇപി പാര്‍ട്ടി പരിപാടികള്‍ക്കൊന്നും പങ്കെടുക്കില്ലെന്ന നിലപാടിലാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ഇപി പൊതുപരിപാടികളും ഒഴിവാക്കി അതൃപ്തി പ്രകടിപ്പിക്കുകയാണ്.
ഇന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തിനും ഇപി എത്തിയില്ല. പയ്യാമ്പലത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഇപി പങ്കെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിബി അംഗമായ എ വിജയരാഘവന്‍ അടക്കം പങ്കെടുത്ത പരിപാടിയില്‍ ഇപി എത്തിയില്ല. ഇപിയെ അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും സിപിഎമ്മില്‍ നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന ഇപിയെ നീക്കിയത്. ഇക്കാര്യം തീരുമാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചാണ് ഇപി മടങ്ങിയത്. ഈ വിഷയത്തില്‍ ഒരു പ്രതികരണം ഇപിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആത്മകഥ എഴുതി ഇക്കാര്യം വ്യക്തമാക്കുമെന്നാണ് ഇപി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here