‘ജാവഡേക്കറെ കണ്ടിരുന്നു; വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയണോ’; രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ഇപി ജയരാജന്‍
കണ്ണൂര്‍: കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതായി സ്ഥിരീകരിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. മകന്‍റെ ഫ്ലാറ്റില്‍വച്ചാണ് കണ്ടതെന്നും വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയണോ എന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്തെ മകന്‍റെ ഫ്ലാറ്റില്‍വച്ചാണ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടെ ദല്ലാള്‍ നന്ദകുമാറും ഉണ്ടായിരുന്നു. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. അതില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ഇപി വ്യക്തമാക്കി. അരോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
“പത്ത് മിനുട്ട് കാണാന്‍ വന്നതാണെന്ന് പറഞ്ഞ് രണ്ടുപേര്‍ വന്നു. കണ്ടപ്പോള്‍ തന്നെ ഇത് ജാവഡേക്കറല്ലേ എന്ന് കണ്ട് അത്ഭുതപ്പെട്ടു. വീട്ടില്‍ ഒരുകൂട്ടര്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ പറ്റുമോ? ഈ വഴി പോയപ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് കയറിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ഞങ്ങള്‍ സംസാരിച്ചത്. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാന്‍ വന്നപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും മീറ്റിങ് ഉണ്ടെന്നും പറഞ്ഞ് ഞാന്‍ ഇറങ്ങി.” – ഇപി പറഞ്ഞു.
“സംസാരിച്ചാല്‍ മാറിപ്പോകുന്നതല്ല എന്റെ രാഷ്ട്രീയം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നതിനെ ലഘൂകരിക്കാന്‍ നടത്തിയ നീക്കമാണ് ഈ ആരോപണം. സുധാകരന്റെ ബിജെപി ചാട്ടത്തിന് ഞങ്ങളെ ഉപയോഗിക്കണ്ട. ഇന്നുവരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ അടുത്ത് കണ്ടിട്ടില്ല. ശോഭയും സുധാകരനും തമ്മില്‍ ആന്തരിക ബന്ധമുണ്ട്. ശോഭയും എന്റെ മകനും തമ്മില്‍ ബന്ധമില്ല. ഒരു കല്യാണത്തിന് പോയപ്പോള്‍ ശോഭയാണ് മകന്‍റെ നമ്പര്‍ വാങ്ങി വാട്സാപ്പിലൂടെ ചിത്രങ്ങള്‍ അയച്ചത്. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തില്‍ ഞങ്ങളെ വലിച്ചിഴക്കേണ്ട. ഡല്‍ഹിയില്‍ പോയിട്ട് രണ്ട് വര്‍ഷമായി. നന്ദകുമാറിനൊപ്പം എനിക്ക് പോകേണ്ട കാര്യമില്ല” – ഇപി കൂട്ടിച്ചേര്‍ത്തു.
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി.ജയരാജനാണെന്ന് കെ.സുധാകരൻ ആരോപിക്കുകയും ആരോപണം ഇപി തള്ളുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആരോപണം സ്ഥിരീകരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇ.പി. ജയരാജന്‍റെ മകൻ അയച്ച വാട്സാപ്പ് സന്ദേശമുണ്ടെന്നും ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here