ജാവഡേക്കറിനെ കണ്ട കാര്യം ഇപി പാര്‍ട്ടിയെ അറിയിച്ചില്ല; ഒറ്റപ്പെട്ട് കണ്‍വീനര്‍; വിവാദം ചര്‍ച്ച ചെയ്യാന്‍ സിപിഎം; തിങ്കളാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ണായകം

തിരുവനന്തപുരം: സിപിഎമ്മിനേയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കിയ ബിജെപി പ്രവേശന വിവാദത്തില്‍ ഇ.പി.ജയരാജന്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്. പ്രകാശ് ജാവഡേക്കറിനെ കണ്ട കാര്യം ഇപി പാര്‍ട്ടിയെയും മുന്നണിയെയും അറിയിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇ.പി.ജയരാജനെ തള്ളിപ്പറഞ്ഞിരിക്കെ ഇപിക്കെതിരെ പാര്‍ട്ടി നടപടി വരാനുള്ള സാധ്യത ശക്തമാണ്. ഇടതുമുന്നണി കണ്‍വീനറായ ഇ.പി.ജയരാജനെപ്പോലുള്ള സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തി എന്നതിന്റെ ഞെട്ടലിലാണ് നേതാക്കളും അണികളും.

ഇപിക്കെതിരെ നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല എന്നതും ഗൗരവകരമായാണ് പാര്‍ട്ടി നേതാക്കള്‍ കാണുന്നതും. പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന ഇപി എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ശേഷം അത്ര സജീവമല്ല. തന്നെക്കാള്‍ ജൂനിയറായ ഗോവിന്ദന് ഒരേ സമയം പാര്‍ട്ടി പിബി അംഗത്വവും സംസ്ഥാന സെക്രട്ടറി സ്ഥാനവും നല്‍കിയതാണ് ഇപിയെ ചൊടിപ്പിച്ചത്.

ഇടതുമുന്നണി കണ്‍വീനറാക്കിയാണ് പാര്‍ട്ടിയും ഇപിയും തമ്മിലുള്ള അകലം മുഖ്യമന്ത്രി കുറച്ചത്. പക്ഷെ ഈ സ്ഥാനത്തോടും അദ്ദേഹം മമത കാണിച്ചില്ല. മുഖ്യമന്ത്രി കണ്ണുരുട്ടിയ ശേഷമാണ് നേതൃതലത്തില്‍ അല്‍പമെങ്കിലും സജീവമാകാന്‍ തയ്യാറായത്. ഇപിയുടെ കുടുംബം വകയായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സിന് ഏല്‍പ്പിച്ചതും പാര്‍ട്ടിയില്‍ വന്‍വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. അതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് അടുത്ത വിവാദത്തിന്റെയും കേന്ദ്രബിന്ദുവായി ഇപി മാറിയത്.

ഇപിക്കെതിരെ എന്ത് നടപടി എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഇപി സ്വയം ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയുമോ, പാര്‍ട്ടിയില്‍ നിന്നും അവധി എടുക്കുമോ, അതോ പാര്‍ട്ടി നടപടി ഇപിക്കെതിരെ വരുമോ എന്നൊക്കെയാണ് അറിയാനുള്ളത്. തിങ്കളാഴ്ചത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇപിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top