സിപിഎമ്മിന് മനസിലാകാത്ത ഇപി; കട്ടന്‍ ചായയും പരിപ്പുവടയും പോളിങ് ദിനത്തില്‍ ചര്‍ച്ചയാകുന്നു; എല്ലാം നിഷേധിച്ച് ജയരാജനും
പോളിങ് ദിനത്തില്‍ സിപിഎമ്മിനെ ഒരിക്കല്‍ കൂടി പ്രതിരോധത്തിലാക്കി ഇപി ജയരാജന്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയുടെ പേരിലായിരുന്നു വിവാദമെങ്കില്‍ ഇത്തവണ അതിനുളള മറുപടിയിലാണ് ഇപി കളം നിറയുന്നത്. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ തുടങ്ങി പാര്‍ട്ടിയുമായും പിണറായി വിജയനുമായുമുള്ള അസ്വാരസ്യം വരെ, ഇതിനെല്ലാം ഇപിയുടെ ആത്മകഥയില്‍ മറുപടിയുണ്ട്.
കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ ഡിസി ബുക്‌സ് പുറത്തിറക്കുന്ന ആത്മകഥയിലാണ് കടുത്ത സിപിഎം പിണറായി വിമര്‍ശനങ്ങള്‍ ഉള്ളതെന്ന വിവരം പുറത്തു വരുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് ഏറെ പ്രയാസപ്പെടുത്തി. പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല. ഇതാണ് സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കിയതില്‍ നിന്നും വ്യക്തമാകുന്നത്. ദേശാഭിമാനി ബോണ്ട് വിവാദത്തിലും വേട്ടയാടലാണ് ഉണ്ടായത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം വാങ്ങിയത് പാര്‍ട്ടി തീരുമാനമായിരുന്നു. എന്നാല്‍ അത് വിഎസ് അച്യുതാനന്ദന്‍ ആയുധമാക്കിയപ്പോൾ പഴി തനിക്ക് മാത്രമായി. വിഭാഗീയതയുടെ ഇരയാണ് താനെന്നും ഇപി പറയുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വിമര്‍ശനവും പുസ്തകത്തിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പരാജയത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ അതിന് തന്നെ മാത്രം ബലിയാടാക്കി. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇപി ആത്മകഥയില്‍ ആരോപിക്കുന്നതായാണ് പുറത്തു വരുന്ന വിവരം.
എന്നാല്‍ ആത്മകഥയിലെ ഭാഗങ്ങളായി പുറത്തു വരുന്ന എല്ലാ വിവരങ്ങളും നിഷേധിക്കുകയാണ് ഇപി. താന്‍ ആത്മകഥ ആത്മകഥ എഴുതുകയാണ്. ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിലാണുള്ളത്. പുറത്തുവന്ന കാര്യങ്ങളൊന്നും താന്‍ എഴുതിയിട്ടില്ല. ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും എന്നുമാണ് തൽക്കാലം ഇപിയുടെ പ്രതിരോധം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here