കണ്‍വീനര്‍ സ്ഥാനമൊഴിയേണ്ടി വരുമെന്ന് ഇപിക്ക് സിപിഎം സന്ദേശം; മുന്നണിയിലും അമര്‍ഷം; വലിയ ചർച്ചക്കിടയാക്കാതെ സാവകാശം നടപടിക്ക് നീക്കം; മറ്റന്നാൾ നിർണായകം

തിരുവനന്തപുരം: ബിജെപി പ്രവേശന വിവാദത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഇപി ജയരാജനെ അറിയിച്ച് സിപിഎം. പാര്‍ട്ടിക്കുള്ളിലേയും മുന്നണിക്കുളളിലേയും അമര്‍ഷത്തെ തുടര്‍ന്നാണ് കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ നാണക്കേടും വിവാദങ്ങളും ജയരാജനെ മാറ്റി നിര്‍ത്തുന്നതിലൂടെ മറികടക്കാമെന്നാണ് വിലയിരുത്തല്‍. ഒപ്പം ബിജെപിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കുള്ള ശക്തമായ നടപടിയെന്ന സന്ദേശവും നല്‍കാനാണ് മുതിര്‍ന്ന നേതാവിനെതിരെ തന്നെ നടപടിയെടുക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രാദേശിക നേതാവ് പോലും ബിജെപിയിലേക്ക് പോകുമ്പോള്‍ വലിയ പ്രചരണവും പരിഹാസവും നടത്തുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ജയരാജന്റെ നടപടി. അതുകൊണ്ട് തന്നെ സിപിഎമ്മിനുള്ളില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപി ഇപ്പോള്‍.
ഇപിക്ക് അനുകൂലമായി ചിന്തിക്കുന്നവര്‍ക്ക് കൂടിയുളള സന്ദേശം നല്‍കിയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. തന്റെ പഴയ വിശ്വസ്തനെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നതിലൂടെ ഇനിയൊരു അവസരം ഇല്ല എന്ന് തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഒരു നേതാവും ഇപിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല. ഇത് പാര്‍ട്ടിയില്‍ നിന്നുള്ള സൂചനയാണെന്ന് ആര് മനസിലാക്കിയില്ലെങ്കിലും ഇപി മനസിലാക്കിയിട്ടുണ്ട്.
ഇപിയെ പിന്തുണയ്ക്കുന്നില്ല എന്ന് മാത്രമല്ല കൃത്യമായ വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച അത്ര നിഷ്‌കളങ്കമല്ല എന്നായിരുന്നു തോമസ് ഐസക്കിന്റെ ഇന്നത്തെ പ്രതികരണം. നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തന്റെ നിലപാട് പാര്‍ട്ടി വേദിയില്‍ ശക്തമായി ഉന്നയിക്കുമെന്നും ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടുമിക്ക നേതാക്കളും ഇതേ വികാരത്തിലാണ്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഒന്നായ പരസ്യശാസനക്ക് തുല്യമായി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ പരസ്യവിമർശനം. അതുകൊണ്ട് തന്നെ കടുത്ത നടപടി ഉറപ്പാണ്. ഇടത് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അവസാനിക്കുമോ കേന്ദ്ര കമ്മറ്റി അംഗത്തിനെതിരായ അച്ചടക്ക നടപടിയെന്നാണ് ഇനി അറിയേണ്ടത്.
അച്ചടക്ക നടപടി സ്വീകരിക്കാനായി സിപിഎം വോട്ടെണ്ണല്‍ വരെ കാത്തിരിക്കുമോ എന്നാണ് ഇനിയറിയാനുളളത്. ഒറ്റയടിക്ക് നടപടിയെടുത്ത് വലിയ മാധ്യമ ചര്‍ച്ചക്ക് വഴികൊടുക്കേണ്ട എന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. അത് അഗീകരിച്ചാൽ മാത്രം ഇപിക്ക് അൽപം സാവകാശം ലഭിച്ചേക്കും. നിലവില്‍ കണ്ണൂരില്‍ നിന്ന് പോലും ഇപിക്ക് പിന്തുണയില്ലാത്ത സ്ഥിതിയാണ്. കൂടാതെ കേന്ദ്ര നേതൃത്വവും ബിജെപി ചര്‍ച്ചയെ ഗൗരവമായാണ് കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here