ശോഭയ്ക്ക് എതിരെ ഇ.പി.ജയരാജന്റെ മാനനഷ്ടക്കേസ്; വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും
ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാനനഷ്ടക്കേസ് നൽകി. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.
താന്‍ ബിജെപിയിൽ ചേരാൻ മൂന്ന് തവണ ചർച്ച നടത്തിയെന്നും ഡൽഹിയിലെ ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തി എന്നതുമുൾപ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപി പരാതി നല്‍കിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.
ഏപ്രിൽ 26ന് മാധ്യമങ്ങളിൽ ശോഭ നൽകിയ പ്രസ്താവന, 28ന് രണ്ട് പത്രങ്ങൾക്ക് നൽകിയ അഭിമുഖം, ഇതെല്ലാം തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ക്രിമിനൽ ഹർജിയിൽ പറയുന്നു. ഇ.പി.ജയരാജന് വേണ്ടി അഡ്വ. എം.രാജഗോപാലൻ നായർ, അഡ്വ. പി.യു.ശൈലജൻ എന്നിവർ ഹാജരായി.
ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം ഇപി തന്നെ വന്നു കണ്ടു എന്ന ലോക്സഭാ വോട്ടെടുപ്പ് ദിവസമുള്ള ശോഭാ സുരേന്ദ്രന്റെ പ്രസ്താവന ഇടതുമുന്നണിക്ക് വന്‍ തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് തന്നെ ഈ പ്രസ്താവനയും വിവാദവും വഴിവച്ചുവെന്ന ആരോപണം മുന്നണിയില്‍ ശക്തമാണ്. എന്നാൽ ശോഭയുടെ പ്രസ്താവന ഇ.പി.ജയരാജൻ നിഷേധിച്ചിരുന്നു. പിന്നാലെ വക്കീല്‍ നോട്ടീസും അയച്ചു.
വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണം. അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് അയച്ച ഇപി വക്കീൽ നോട്ടിസില്‍ ഇപി ആവശ്യപ്പെട്ടത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഇപി ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പോലീസ് തയ്യാറായില്ല. തെളിവില്ലെന്ന കാരണമാണ് പോലീസ് ചൂണ്ടിക്കാട്ടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here