ബിജെപിയുമായി ചര്‍ച്ച നടത്തിയത് ഇപി ജയരാജനെന്ന് സുധാകരന്‍; അസംബന്ധവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇപി; മാനനഷ്ടക്കേസ് നല്‍കും
കണ്ണൂര്‍ : ബിജെപി പ്രവേശനത്തിന് ശോഭ സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇപി ജയരാജനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗള്‍ഫിലാണ് ആദ്യഘട്ട ചര്‍ച്ച നടന്നത്. ഇതില്‍ വിവാദ ഇടനിലക്കാരനും ഉള്‍പ്പെട്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ സ്ഥാനം സംബന്ധിച്ചാണ് ചര്‍ച്ചകളെല്ലാം നടന്നത്. രാജീവ് ചന്ദ്രശേഖറും ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അവസാനഘട്ടത്തില്‍ സിപിഎമ്മില്‍ നിന്നും കടുത്ത ഭീഷണി വന്നതോടെയാണ് താല്‍ക്കാലികമായി ചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ മുതല്‍ ഇപി അസ്വസ്ഥനാണ്. ഈ സ്ഥാനം ഇപി പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോള്‍ തന്നെ മുതിര്‍ന്ന നേതാക്കളോട് അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ബിജെപി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകളെല്ലാം നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. പിണറായി വിജയന്‍ അടക്കം ആരുമായും ഇപി ഇപ്പോള്‍ നല്ല ബന്ധത്തിലല്ല. ചര്‍ച്ചകളുുടെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ആറ് മാസമായി ഇപി ബിജെപി വിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ നീക്കങ്ങളൊന്നും അദ്ഭുതപ്പെടുത്തുന്നതല്ല. ഇപി മാത്രമല്ല എംവി ഗോവിന്ദനടക്കം ഒരു സിപിഎം നേതാക്കളും ബിജെപിക്കെതിരെ സംസാരിക്കാറില്ലെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ ആരോപണങ്ങള്‍ ഇപി ജയരാജന്‍ തള്ളി. അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന്‍ പറയുന്നതെന്ന് ഇപി ജയരാജന്‍ മറുപടി നല്‍കി. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ല. ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകാനായി വണ്ടി കയറി ചെന്നൈയിലെത്തിയതാണണ് സുധാകരന്‍. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ അനുനയിപ്പിച്ച് തിരിച്ചെത്തിക്കുകയായിരുന്നു എന്നും ജയരാജന്‍ ആരോപിച്ചു. സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശോഭ സുരേന്ദ്രന്‍ വിവാദ ദല്ലാള്‍ നന്ദകുമാര്‍ വഴി ഒരു മുതിര്‍ന്ന സിപിഎം നേതാവ് ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വെളിപ്പെടുത്തിയത്. നേതാവിന്റെ പേര് പറയാതെ പിണറായിയോളം തലപൊക്കമുള്ള നേതാവ് എന്ന് മാത്രമാണ് ശോഭ പറഞ്ഞത്. പേര് ദല്ലാള്‍ നന്ദകുമാര്‍ പറയണമെന്നും അല്ലെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പേര് പുറത്ത് പറയുമെന്നും ശോഭ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here