ജയരാജനൊപ്പം ആരോപണങ്ങളും വിവാദങ്ങളും പതിവ്; എന്നും രക്ഷകനായ പിണറായിയും തള്ളിപ്പറഞ്ഞു; ഇനി ജയരാജന് മുന്നില്‍ താമര പാര്‍ട്ടി മാത്രമോ ?

തിരുവനന്തപുരം : സിപിഎമ്മിനെ ആകെ ഉലക്കുന്നതായി പ്രകാശ് ജാവഡേക്കറുമായുള്ള ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെ ചര്‍ച്ച. പരസ്യമായി കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി തന്നെ വിമര്‍ശിക്കുമ്പോള്‍ ജയരാജനുള്ള പാര്‍ട്ടി സന്ദേശം വ്യക്തമാണ്. ജയരാജന് ഒപ്പം നില്‍ക്കാന്‍ സാധ്യതയുളളവരെ കൂടി ലക്ഷ്യമിട്ടാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. കണ്ണൂരില്‍ വിദ്യാര്‍ത്ഥികാലം മുതല്‍ ഒപ്പംനിന്ന് പ്രവര്‍ത്തിച്ച് ജയരാജനെയാണ് പിണറായി പരസ്യമായി തള്ളിപ്പറയുന്നത്. എല്ലാകാലത്തും ഇപിയെ ഒപ്പം നിർത്തിയും കൈപിടിച്ച് ഉയര്‍ത്തിയും വിവാദങ്ങളില്‍ നിന്നും രക്ഷിച്ചുക്കൊണ്ടിരുന്ന പിണറായി പൂര്‍ണ്ണമായും തള്ളിപ്പറയുന്നതിന് സമമാണ് ഇത്. ഇതോടെ ജയരാജന് മുന്നില്‍ ഒന്നുകില്‍ താമര കൂടാരം അല്ലെങ്കില്‍ രാഷ്ട്രീയ വനവാസം എന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോവുകയാണ്.

കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നിനു പിറകേ ഒന്നായി സിപിഎമ്മിനെ പലപ്പോഴും വെട്ടിലാക്കിയിരുന്നു. ബിജെപി പ്രവേശനത്തിനായുളള ചർച്ചകൾ അവസാനത്തേത് മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടും, കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തം പുറത്തുവന്നത്. സിപിഎം – ബിജെപി രഹസ്യധാരണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ശക്തിപകരുന്നതായി ഈ ഈ ബിസിനസ് ഡീല്‍. ഈ ആരോപണത്തില്‍ സിപിഎം നേതൃത്വമോ മുന്നണിയിലെ മറ്റ് നേതാക്കളോ ഇപിയെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നതുമില്ല.

ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ഒരുപിടി ആരോപണങ്ങളാണ് ഇപിക്ക് നേരെയുണ്ടായത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ദേശാഭിമാനിയുടെ വികസന ബോണ്ടാണ് താന്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മക്കളില്‍ നിന്ന് വാങ്ങിയതെന്നായിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. പാര്‍ട്ടി വേദികളിലും പുറത്തും വിവാദമായപ്പോള്‍ അത് ബോണ്ടല്ലെന്നും നിശ്ചിത കാലാവധിക്കുള്ളില്‍ പലിശ സഹിതം തിരിച്ച് നല്‍കുന്ന നിക്ഷേപമാണെന്നും വിശദീകരിച്ചു. സിപിഎം നേതൃയോഗങ്ങളില്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ രണ്ട് കോടി രൂപ തിരിച്ച് നല്‍കി തടിയൂരാന്‍ തീരുമാനിക്കുകയും ചെയ്തു. അതേ വര്‍ഷം ജൂലൈ 25ന് മാതൃഭൂമി പത്രം ഇ.പി.ജയരാജന്‍ വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്‌ബോള്‍ സംഘാടക സമിതി, വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയത് പുറത്തുവിട്ടതും ജയരാജന് കുരുക്കായി. 2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ കളങ്കിത വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ (വി.എം.രാധാകൃഷ്ണന്‍) ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പരസ്യം സ്വീകരിച്ചതും വലിയ വിവാദമായിരുന്നു. തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ദേശാഭിമാനിയുടെ കെട്ടിടവും 32 സെന്റ് ഭൂമിയും ചാക്ക് രാധാകൃഷ്ണന്‍ എംഡിയായിരുന്ന ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍ ആന്റ് ഡവലപ്പേഴ്‌സിന് മൂന്ന് കോടി മുപ്പത് ലക്ഷം രൂപയ്ക്ക് വിറ്റതിനെ ചൊല്ലിയുണ്ടായ വിവാദവും പാർട്ടിക്ക് ജയരാജൻ വഴിയുണ്ടായ തലവേദന ആയിരുന്നു. 50 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചത് പോലെ കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാകില്ല എന്ന ജയരാജന്റെ പ്രസംഗവും പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ വിമര്‍ശത്തിന് ഇടയാക്കിയതാണ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധുവും കേന്ദ്രകമ്മറ്റിയംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചത് വിവാദമായി. പ്രതിപക്ഷം ബന്ധുനിയമന വിവാദം ഉയര്‍ത്തിയതിന്റെ പേരില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഈ നിയമനത്തില്‍ അഴിമതിയില്ലെന്ന് പിന്നീട് വിജിലന്‍സ് കണ്ടെത്തിയിതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വന്നു.

സംസ്ഥാന സെക്രട്ടറിയും പിന്നീട് മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശക്തമായ പിന്തുണയിലാണ് പാര്‍ട്ടി നടപടികളില്‍ നിന്ന് ജയരാജന്‍ എല്ലാ കാലത്തും രക്ഷപ്പെട്ടിരുന്നത്. വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് അതീവഗുരതരായ സാമ്പത്തിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുപോലും ഒരു സംഘടനാ നടപടിയുമുണ്ടാകാതെ തന്റെ വിശ്വസ്തനെ പിണറായി രക്ഷിച്ചെടുത്തു. ഈ പരിരക്ഷയാണ് ഇപ്പോള്‍ ഇപിക്ക് നഷ്ടമായിരിക്കുന്നത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഇപി വിചാരണയ്ക്ക് വിധേയമാകുമെന്ന് ഉറപ്പാണ്. അതിന്റെ വിധയെന്താകുമെന്ന് മാത്രമേ ഇനി അറിയാനുളളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top