ഇ.പി.ജയരാജനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ സുധാകരന്‍ കുറ്റവിമുക്തന്‍; ഹൈക്കോടതി വിധി കെപിസിസി അധ്യക്ഷന്റെ ഹര്‍ജിയില്‍; തള്ളിയത് വിചാരണക്കോടതി വിധി
കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കി. സുധാകരന്റെ ഹർജിയിലാണ് ഹൈക്കോടതി വിധി. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വിചാരണക്കോടതി തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
1995 ഏപ്രിൽ 12ന് ചണ്ഡിഗഢിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ജയരാജൻ ആക്രമണത്തിനിരയായത്. രാവിലെ ട്രെയിനിലെ വാഷ്ബേസിനിൽ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതി വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നു. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്. ഈ കേസില്‍ സുധാകരന്‍ അറസ്റ്റിലായിരുന്നു.
വിക്രംചാലിൽ ശശി, പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. തിരുവനന്തപുരത്ത് കെ. സുധാകരനുമായി ഗൂഢാലോചനനടത്തിയെന്നും ജയരാജനെ ആക്രമിക്കാൻ ശശിയെയും ദിനേശനെയും നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here