ഇപി വധശ്രമക്കേസില്‍ കെ സുധാകരനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍; സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടികാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹര്‍ഷദ് വി.ഹമീദാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

1995 ഏപ്രില്‍ 12 നാണ് ഇപിക്കെതിരെ വധശ്രമം ഉണ്ടായത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ശേഷം ചണ്ഡിഗഢില്‍ നിന്നും മടങ്ങവേ ട്രയിനിലായിരുന്നു ആക്രമണം ഉണ്ടായത്. വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ പുറകില്‍ നിന്നും വെടിവയ്ക്കുകയായിരുന്നു. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്. ആന്ധ്രാപ്രദേശിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ രണ്ട് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. ഈ ആക്രമണത്തിന്റെ ഗൂഢാലോചനയാണ് കേരള പോലീസ് അന്വേഷിച്ചത്.

പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ചാണ് ഗൂഡാലോചന നടത്തിയതെന്നും ഇതിനു പിന്നില്‍ കെ സുധാകരന്‍ ആണെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇത് തള്ളിയാണ് ഹൈക്കോടതി സുധാകരനെ കുറ്റവിമുക്തനാക്കിയത്. തെളിവുകള്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top