ഇപി വധശ്രമക്കേസില്‍ സുധാകരന് എതിരെയുള്ളത് രാഷ്ട്രീയ കേസ് എന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി; കേരളത്തിന് കനത്ത തിരിച്ചടി
ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. വെറും രാഷ്ട്രീയക്കേസാണെന്ന നിരീക്ഷണം നടത്തിയാണ് ഹര്‍ജി സുപ്രീം കോടതി ഹര്‍ജി തള്ളിയത്. സുപ്രീം കോടതി നടപടി കേരള സര്‍ക്കാരിനു രാഷ്ട്രീയമായി കനത്ത തിരിച്ചടിയായി. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി തള്ളിയത്.
മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണിത്. ഈ രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല കോടതിക്കുള്ളത്. കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി ഉന്നത രാഷ്ട്രീയനേതാവ് ആണെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളം ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം.
വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വച്ചാണെന്ന് സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി ആണെന്നും ഇരുവരും വാദിച്ചു. ഈ വാദത്തോടും അനുകൂലമായല്ല കോടതി പ്രതികരിച്ചത്.
1995 ഏപ്രില്‍ 12നാണ് ഇ.പി.ജയരാജനെതിരേ ആന്ധ്രയില്‍ വച്ച് വധശ്രമം നടന്നത്. ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. രാവിലെ പത്തുമണിയോടെ ഇപി ട്രെയിനിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെയാണ് ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ത്തത്. കഴുത്തിനു വെടിയേറ്റ ഇപി ചികിത്സയിലായിരുന്നു.
പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തി. ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ പ്രതികളെ നിയോഗിച്ചെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here