ഇപി ജയരാജനും ദല്ലാള്‍ നന്ദകുമാറും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു; പി.രാജീവ്‌ ഡമ്മി മന്ത്രി; ആരോപണവുമായി ദീപ്തി മേരി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇപി ജയരാജനും ദല്ലാള്‍ നന്ദകുമാറും തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്‌. ജയരാജന്‍ അല്ല സീതാറാം യെച്ചൂരി വിളിച്ചാലും അതിനോട് പ്രതികരിക്കാതിരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം തനിക്കുണ്ട്. അന്ന് അതിന് വലിയ വില നല്‍കാൻ തോന്നിയില്ല; അതിനാലാണ് വെളിപ്പെടുത്താതിരുന്നതെന്നും ദീപ്തി മേരി വര്‍ഗീസ്‌ വ്യക്തമാക്കി.

പത്മജ വേണുഗോപാലിനെയും മറ്റൊരു വനിതാ കെപിസിസി ജനറല്‍ സെക്രട്ടറിയെയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണിക്കാന്‍ ഇ.പി. ജയരാജന്‍ സമീപിച്ചിരുന്നെന്ന് ദല്ലാള്‍ നന്ദകുമാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ഇപി തള്ളിയിരുന്നു. ദീപ്തി മേരി വര്‍ഗീസ്‌ ഇത് സ്ഥിരീകരിച്ചെങ്കിലും ഇതിനെ പി.രാജീവ് പരിഹസിച്ചു. ഇതിനു പിന്നാലെയാണ് ദീപ്തിയുടെ പ്രതികരണം.

ഡമ്മി മന്ത്രിയായ പി.രാജീവിനെ പാര്‍ട്ടി ഇക്കാര്യം അറിയിച്ചിട്ടുണ്ടാകില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ മരുമകനും പറയുന്നത് അനുസരിക്കുന്ന ഡമ്മി മാത്രമാണ് പി.രാജീവ്‌. എസ്എഫ്ഐയുടെ ഇടിമുറിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പഴയ പി.രാജീവിനെ കൂടി ഓര്‍ക്കേണ്ടതുണ്ട്. എറണാകുളം മഹാരാജാസില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് രാജീവിനെ അറിയാവുന്നതാണ്. ഇന്ന് പെണ്‍കുട്ടികള്‍ക്കെതിരെ എസ്എഫ്ഐയുടെ ആര്‍ഷോ ഉപയോഗിക്കുന്ന വാക്കുകളെക്കാള്‍ മോശമായ വര്‍ത്തമാനം അന്ന് പ്രയോഗിച്ച ആളാണ്‌. കൂടുതല്‍ പറഞ്ഞാല്‍ ചരിത്രം മുഴുവന്‍ പുറത്തുവിടേണ്ടി വരുമെന്നും ദീപ്തി മേരി വര്‍ഗീസ്‌ വിമര്‍ശിച്ചു.

അതേസമയം ദീപ്തിയുടെ വാദം ദല്ലാള്‍ നന്ദകുമാര്‍ തള്ളി. താന്‍ ദീപ്തിയെ കണ്ടിരുന്നു. എന്നാല്‍ അത് സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞശേഷമാണ്. തൃക്കാക്കരയില്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശയിലായ ദീപ്തി ഇപി ജയരാജനെ കാണാന്‍ ഇങ്ങോട്ട് വന്നതാണെന്നും നന്ദകുമാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top