ഇന്ന് വീണ്ടും കണ്ണൂരിലേക്ക് ഇപി പറക്കും; ഇന്‍ഡിഗോയിലല്ല യാത്ര എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇന്ന് കണ്ണൂരിലേക്ക് വീണ്ടും പറക്കും. ജയരാജ ശപഥം പോലെ ഇന്‍ഡിഗോയിലല്ല എയര്‍ ഇന്ത്യാ വിമാനത്തിലാണ് പറക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് വിമാനസര്‍വീസ് ആരംഭിച്ചതാണ് ജയരാജന് തുണയായത്. ശനിയാഴ്ച രാവിലെയുള്ള സർവീസിൽ കണ്ണൂരിലേക്ക് വിമാനത്തിൽ യാത്രയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഇപി ഇന്‍ഡിഗോയോട് തെറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇന്‍ഡിഗോയില്‍ തടയാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഇപി കൈക്കരുത്ത് പ്രയോഗിച്ചിരുന്നു. തുടര്‍ന്ന് വന്ന വിവാദത്തിന് ഒടുവിലാണ് താന്‍ ഇനി ഇന്‍ഡിഗോയിലേക്ക് ഇല്ലെന്നു പ്രഖ്യാപനം നടത്തിയത്. കണ്ണൂരിലേക്ക് ഇന്‍ഡിഗോ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. അതിനാല്‍ തീരുമാനം ഇപിക്ക് വന്‍ തിരിച്ചടിയായിരുന്നു. സമയത്തിന് അദ്ദേഹത്തിന് കണ്ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ യാത്ര നടത്താനായില്ല. പൊടുന്നനെ എടുത്തതാണെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
”ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോയിലെ അധികൃതർ ചെയ്തത്. ആ തെറ്റ് പറ്റിയെന്ന് പോലും അവര്‍ പറഞ്ഞില്ല. ഇന്‍ഡിഗോയില്‍ യാത്രചെയ്തില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ല. ഞാന്‍ യാത്രചെയ്തില്ലെങ്കില്‍ അവര്‍ക്കും വലിയ നഷ്ടമൊന്നുമില്ല. ഇന്‍ഡിഗോ കമ്പനിയുമായി ബന്ധപ്പെട്ട പലരും പറ്റിയത് തെറ്റായിപ്പോയെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയണം. അതല്ലെങ്കിൽ തെറ്റ് പറ്റിയതായി അവർ എഴുതിത്തരണം. അത് കിട്ടിയാൽ ഞാൻ ആലോചിക്കാം” ഇതാണ് ഇപിയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here