ഇടത് കണ്‍വീനര്‍ സിപിഎം-ബിജെപി ബന്ധത്തിന്റെ ഇടനിലക്കാരനോ; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ഇപി; സിപിഎമ്മിലും അമര്‍ഷം

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ബന്ധം നിഷേധിച്ചുള്ള ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവന സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായി മാറുന്നു. രണ്ട് കമ്പനികള്‍ തമ്മിലുള്ള ബിസിനസ് ബന്ധം എന്ന് പറയുന്നതിന് പകരം രാജീവ് ചന്ദ്രശേഖറുമായി ഒരു ബന്ധവുമില്ലെന്നാണ് ഇപി പറഞ്ഞത്. ഇതാണ് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയത്. ചന്ദ്രശേഖറിന്റെ കമ്പനി പ്രതിനിധികളും ഇപിയുടെ ഭാര്യയും മകനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടതോടെ ഇപിയുടെ വാദം പൊളിഞ്ഞു.

സിപിഎം-ബിജെപി ബന്ധത്തിന് ഇടനിലക്കാരനാണ് ഇടതുമുന്നണി കണ്‍വീനര്‍ എന്ന് കൂടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചതോടെ പാര്‍ട്ടി പ്രതിരോധത്തിലാവുകയും ചെയ്തു. “ഇ.പി ജയരാജന്റെ കുടുംബവും രാജീവ്‌ ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ട്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറോ ഇ.പി.ജയരാജനോ നിഷേധിച്ചിട്ടില്ല. തമ്മില്‍ കണ്ടിട്ടില്ലെന്ന് മാത്രമാണ് ജയരാജന്‍ പറഞ്ഞത്. അവര്‍ കണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. ഇപി ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്നും” പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സിപിഎം-ബിജെപി അന്തർധാര തിരഞ്ഞെടുപ്പ് കാലത്ത് സജീവമാണെന്ന് സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് എല്‍ഡിഎഫ് കൺവീനറും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബിസിനസ് ബന്ധത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പരാമർശിച്ചത്. ഇപിയുടെ ഭാര്യയും മകനും ഡയറക്ടറായുള്ള വൈദേകം റിസോര്‍ട്ടിനെ ചൊല്ലി സി പി എമ്മിനുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ മൊറാഴയിലുള്ള വൈദേകം ആയുർവേദ റിസോര്‍ട്ടിന്റെ സാമ്പത്തിക ശ്രോതസിനെ ചൊല്ലിയാണ് പാർട്ടി സംസ്ഥാന കമ്മറ്റിയിൽ വിവാദമുയർന്നത്. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികളായ ഇഡിയും ഇൻകം ടാക്സും വൈദേകത്തിൽ റെയ്ഡ് നടത്തിയത്.

റെയ്ഡിൻ്റെ വിവരങ്ങൾ പുറത്തു വരുന്നതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് വെൽനസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കാൻ തീരുമാനമായത്. വിനോദ സഞ്ചാര മേഖലയിലെ പ്രമുഖ സ്ഥാപനമാണ് നിരാമയ റിട്രീറ്റ് . കേരളത്തിൽ മാത്രം ഈ ഗ്രൂപ്പിന് അഞ്ചിലധികം റിസോർട്ടുകളുണ്ട്. വൈദേകം റിസോർട്ട്സും നിരാമയ റിട്രീറ്റും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിന്‍റെ വാർത്തകൾ കഴിഞ്ഞ ഏപ്രിൽ തന്നെ പുറത്തുവന്നിരുന്നു. നിരാമയ റിട്രീറ്റ് വൈദേകം കണ്ണൂർ എന്ന പേരിലാണ് പുതിയ കമ്പനി അറിയപ്പെടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപിയുടെ പ്രസ്താവനകള്‍ എല്ലാം തന്നെ വിവാദത്തിലാവുകയാണ്. പ്രതിപക്ഷത്തിന് ആവശ്യമില്ലാതെ വടി കൊടുക്കുകയാണ് ഇപി എന്ന വാദം സിപിഎമ്മിലും ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിയും ബിജെപിയുമാണ് ഏറ്റുമുട്ടതെന്നും മികച്ച സ്ഥാനാര്‍ഥികളെയാണ് ബിജെപി നിര്‍ത്തിയിരിക്കുന്നതെന്നുമുള്ള ഇപിയുടെ പ്രസ്താവന മുഖ്യമന്ത്രി തന്നെ ഇടപെട്ട് തിരുത്തി. കേരളത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് മല്‍സരമാണെന്നും ബിജെപിക്ക് വന്‍തിരിച്ചടി നേരിടുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ ഇപി ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ പോയ സംഭവം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദമായിരുന്നു. നന്ദകുമാറിന്റെ അമ്മയെ ഇപി ആദരിക്കുന്ന ചിത്രം പുറത്തുവരികയും ചെയ്തിരുന്നു. ഇതെല്ലാം മുന്നില്‍ നില്‍ക്കെയാണ് കഴിഞ്ഞ ദിവസം ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്ന് ഇപി.പറഞ്ഞത്. ഇതിനെതിരെ നന്ദകുമാറും രംഗത്ത് വന്നിരുന്നു. “എന്നെ അറിയില്ലെന്ന് പറയാൻ ഇ.പി.ജയരാജന് കഴിയില്ല. ഇപിയുമായി നേരത്തെ പരിചയമുണ്ട്. ഈയടുത്തും കണ്ടിരുന്നു. പത്മജ വേണുഗോപാലിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്‍റെ ഫോണിലൂടെയാണ്. ഇക്കാര്യം ഇപിക്ക് നിഷേധിക്കാനാവില്ല. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെയും ജയരാജൻ കണ്ടിരുന്നു.” നന്ദകുമാർ വ്യക്തമാക്കിയിരുന്നു.

സിപിഎമ്മിലെ കണ്ണൂര്‍ ലോബിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുമായി ഇപിയുടെ പ്രസ്താവനകള്‍ക്ക് ബന്ധമുണ്ട്. മുന്‍പുള്ളതുപോലെയുള്ള ഒരു പിന്തുണ അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ല. ഇതെല്ലാം പ്രസ്താവനകളില്‍ നിഴലിക്കുന്നുമുണ്ട്. വിവാദ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന ഇടതുമുന്നണി കണ്‍വീനര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ മൂക്കുകയര്‍ വീഴുമോ എന്നാണ് അറിയാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top