രാജീവ്‌ ചന്ദ്രശേഖറിനെ നേരില്‍ കണ്ടിട്ടുപോലുമില്ലെന്ന് ഇപി ജയരാജന്‍; ‘ഭാര്യയുടെ ബിസിനസ് വേണമെങ്കില്‍ സതീശന്റെ ഭാര്യയുടെ പേരില്‍ എഴുതിത്തരാം’

കണ്ണൂര്‍: കേന്ദ്രമന്ത്രിയും തലസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ്‌ ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന വിഡി സതീശന്റെ വാദം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മാധ്യമങ്ങളിലൂടെ കണ്ടതല്ലാതെ രാജീവ്‌ ചന്ദ്രശേഖറിനെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ബിസിനസ് ഉണ്ടെങ്കില്‍ അതെല്ലാം വിഡി സതീശന് സൗജന്യമായി എഴുതിനല്‍കാന്‍ തയ്യാറാണ്. തന്‍റെ ഭാര്യ ഒരു കമ്പനിയിലെ ഷെയര്‍ ഹോള്‍ഡറാണ്. വേണമെങ്കില്‍ അത് സതീശന്റെ ഭാര്യയുടെ പേരില്‍ എഴുതിനല്‍കാമെന്നും ഇപി വിമര്‍ശിച്ചു.

‘ഒരു പ്രതിപക്ഷ നേതാവ് തന്‍റെ സ്ഥാനത്തെ കുറിച്ച് മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഓരോരുത്തരുടേയും ഷെയര്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചാല്‍ അറിയാന്‍ കഴിയുന്ന കാലഘട്ടത്തില്‍ ഇങ്ങനെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്നത് എന്തിനാണ്. സതീശന്‍ 150 കോടി രൂപ കടത്തിയ സംഭവം നിയമസഭയില്‍ എംഎല്‍എ പിവി അന്‍വര്‍ ഉന്നയിച്ചിരുന്നു. വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. എന്തുകൊണ്ട് വിഡി സതീശന്‍ പ്രതികരിച്ചില്ല’ ഇപി ചോദിച്ചു.

അതേസമയം തനിക്ക് വിദേശത്ത് കോടികളുടെ ബിസിനസ് ഉണ്ടെന്ന് പറഞ്ഞ് വ്യാജ വാര്‍ത്ത നല്‍കിയ 24 ന്യൂസിനെതിരെ നിയമപരമായി നീങ്ങുമെന്ന് ഇപി ജയരാജന്‍ അറിയിച്ചു. ആരൊക്കെയോ പണം കൊടുത്ത് ചെയ്യിപ്പിച്ച വാര്‍ത്തയാണത്. ചാനലിനെതിരെ സൈബര്‍ കേസും ക്രിമിനല്‍ കേസും നല്‍കും. തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇപി ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top