ഇപിയുടെ ഗൂഡാലോചന പരാതിയില്‍ നേരിട്ട് കേസ് എടുക്കാനാവില്ലെന്ന് പോലീസ്; ശോഭാ സുരേന്ദ്രനും സുധാകരനുമെതിരെ തെളിവില്ല; കേസെടുക്കാന്‍ കോടതി നിര്‍ദേശം വേണം
തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം അഴിച്ചുവിട്ടവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് നല്കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാവില്ലെന്ന് പോലീസ്. കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവുകളോ ഇല്ലെന്നാണ് വിശദീകരണം. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
തനിക്കെതിരെയുള്ള പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കാട്ടിയാണ് ഇപി ഡിജിപിക്ക് പരാതി നല്‍കിയത്. ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കര്‍ മകന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രന്‍ ബിജെപി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നാണ് ഇ.പിയുടെ പരാതി. സിപിഎം നിര്‍ദേശം അനുസരിച്ചായിരുന്നു പരാതി നല്‍കിയത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഇപിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ഗൂഢാലോചന സാധൂകരിക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കോടതി നിർദേശിച്ചാൽ മാത്രമാണ് കേസെടുക്കാനാവുക. പോലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബിജെപിയില്‍ ചേരാനായി ഇപി ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണം കെ.സുധാകരന്‍ ഏറ്റെടുത്തതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിനത്തില്‍ സിപിഎം പ്രതിരോധത്തിലായിരുന്നു. ഇപിയെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ വിവാദം കത്തി. എന്നാല്‍ എല്ലാം ഗൂഡാലോചനയെന്നായിരുന്നു ഇപിയുടെ വാദം. ഇപി വിശദീകരണം നല്‍കിയതോടെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടു. ഈ പരാതിയാണ് കേസെടുക്കാനാവില്ലെന്ന നിഗമനത്തോടെ എഴുതിതള്ളാന്‍ പൊലീസ് ഒരുങ്ങുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here