എകെജി സെന്ററില്‍ കയറാതെ ഇപി ജയരാജന്‍; യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ നീരസം മാറാതെ ഇപി ജയരാജന്‍. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുക്കില്ല. ഇന്ന് സിപിഎം സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന സീതാറാം യെച്ചൂരി അനുസിമരണത്തിലും ഇപി പങ്കെടുക്കില്ല. അപമാനിതനായി എന്ന വികാരത്തിലുള്ള ഇപി എകെജി സെന്ററിലേക്ക് ഇല്ല എന്ന നിലപാടിലാണ്. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള തീരുമാനം ഉണ്ടായ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമുള്ള ഒരു പാര്‍ട്ടി യോഗങ്ങളിലും ഇപി പങ്കെടുത്തിട്ടില്ല.

പൂര്‍ണ്ണമായും അകന്ന് നിന്ന ഇപി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നാണ് വീണ്ടും പാര്‍ട്ടി വേദിയിലെത്തിയത്. യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇന്‍ഡിഗോയുമായുള്ള പിണക്കം പോലും മറന്ന് ഇപി ഡല്‍ഹിയിലേക്ക് പറന്നു. ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇപി കൂടിക്കാഴ്ചയും നടത്തി. ഇന്നലെ സിപിഎമ്മിന്റെ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടെ ഇപി അയഞ്ഞു എന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സന്ദേശമാണ് ഇപി നല്‍കുന്നത്.

പാര്‍ട്ടി തീരുമാനത്തിനെതിരെ ഇപി ഇതുവരെ ഒരു പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. പലതവണ മാധ്യമങ്ങളെ കണ്ടെങ്കിലും ഈ വിഷയത്തിലെ എതിര്‍പ്പ് പറഞ്ഞിട്ടില്ല. പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധം അറിയിക്കാനാണ് ഇപിയുടെ തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളഅള കൂടിക്കാഴ്ചയുടെ പേരിലാണ് ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top