കൊല്ലത്ത് മന്ത് പടരുന്നു; നാല് ജില്ലകളില്‍ മഞ്ഞപ്പിത്തം; ഡങ്കിപ്പനിയും, വൈറല്‍ ഫീവറും വര്‍ദ്ധിക്കുന്നു; കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍; പ്രഖ്യാപനം മാത്രമായി മഴക്കാല പൂര്‍വ്വ ശുചീകരണം

തിരുവനന്തപുരം : വേനല്‍ മഴ തുടങ്ങിയതോടെ തന്നെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. നാല് ജില്ലകളില്‍ മഞ്ഞപ്പിത്തം വലിയ രീതിയില്‍ ആശങ്കപ്പെടുത്തുകയാണ്. ഇതോടൊപ്പം ഡങ്കിപ്പനി, വൈറല്‍ ഫിവര്‍ എന്നിവ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഇതുകൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ച മൂലം കൊല്ലം ജില്ലയില്‍ മന്ത് രോഗവും ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വര്‍ദ്ധിക്കുന്നു. മഴക്കാല പൂര്‍വ്വ ശുചീകരണം അടക്കം നിരവധി പ്രഖ്യാപനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും തുടങ്ങിയിട്ടു പോലും ഇല്ല.

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനം വര്‍ദ്ധിച്ചിട്ടുണ്ട്. എലിപ്പനി, എച്ച് 1 എന്‍ 1, ചിക്കന്‍ പോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികളിലുള്‍പ്പെടെ മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊല്ലത്ത് മന്ത് പടരുന്നു

കൊല്ലം ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപകമാണ്. ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഏഴുന്നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ആരോഗ്യവകുപ്പ് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. രോഗികളെ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും വകുപ്പിന് വീഴ്ച വന്നതായും ആരോപണമുണ്ട്. ജീവനക്കാരുടെ കുറവടക്കം ഈ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ്. ക്യാംപുകളില്‍ കൂട്ടമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രോഗം വേഗത്തില്‍ പകരാവുന്ന സ്ഥിതിയിലാണ്. ക്യാംപുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും രോഗപകര്‍ച്ചയ്ക്ക സാധ്യത കൂട്ടും. മന്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പാളിയിട്ടുണ്ട്. ഫോഗിങ്ങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ജീവനക്കാരുടെ കുറവ് മൂലം ആശുപത്രികളോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മന്ത് രോഗത്തിനുളള പ്രത്യേക പരിശോധന, ചികിത്സാ കേന്ദ്രങ്ങളെല്ലാം അടഞ്ഞ നിലയിലാണ്. ജില്ലയില്‍ ആകെ ഒരു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവരില്‍ ഇരുപതിനായിരത്തിന് അടുത്ത് തൊഴിലാളികളെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ തദ്ദേശീയര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.

മഞ്ഞപ്പിത്തം നാലുജില്ലകളില്‍

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മഞ്ഞപ്പിത്തം അപകടകരമായ രീതിയില്‍ പടരുന്നത്. മലിനമായ ജലസ്രോതസുകളിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. മലപ്പുറത്ത് ഈ വര്‍ഷം 8 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇതില്‍ 14 വയസുകാരന്‍ വരെയുണ്ട്. 1032 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംശയാസ്പദമായ 3184 കേസുകളും നിലവിലുണ്ട്. എറണാകുളത്ത് മൂന്നാഴ്ചയ്ക്കിടെ 189 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദിവസേന കുറഞ്ഞത് പത്ത് പേര്‍ക്കെങ്കിലും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നുണ്ട്.

ഡെങ്കിപ്പനി വ്യാപകം

വേനല്‍ മഴ കനത്തതോടെ സംസ്ഥാനത്ത് ഡങ്കിപ്പനി വ്യാപനത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇടവിട്ടുള്ള മഴയാണ് രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. ഓരോ ദിവസവും സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മെയ് 13 വരെയുള്ള കണക്ക് നോക്കിയാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 297 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1046 പേര്‍ ഡങ്കി സംശയത്തില്‍ ചികിത്സ തേടിയിട്ടുമുണ്ട്. ഈ വര്‍ഷം 4895 പേര്‍ക്കാണ് ഈ കാലയളവില്‍ ഡങ്കിപ്പനി ബാധിച്ചത്. 16 മരണവും റിപ്പോര്‍ട്ട് ചെയ്തു. മെയ് ഒന്നിന് 28 ആയിരുന്ന ഡങ്കി പ്രതിദിന രോഗികളുടെ എണ്ണം മെയ് 13 ആകുമ്പോള്‍ 40 ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ആശുപത്രിയിലെ കണക്ക് മാത്രമാണ്. സ്വകാര്യ ആശുപത്രിയിലെ കണക്ക് കൂടി പരിശോധിച്ചാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും

പകര്‍ച്ച പനിയും വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് പകര്‍ച്ച പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. പതിനായിരത്തിന് അടുത്താണ് ഇപ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണം. മെയ് 1 മുതല്‍ 13 വരെ 72698 പേരാണ് വിവിധ ഒപികളില്‍ ചിക്തസ തേടിയത്. ജനുവരി മുതലുളള കണക്ക് നോക്കിയാല്‍ അത് എട്ടരലക്ഷത്തോളം വരും. എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ് മെയ് മാസത്തില്‍ മാത്രം 64 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ, വ്യാപകമായ മഴക്കാല പൂര്‍വ്വ ശുചീകരണം ഇങ്ങനെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇവയൊന്നും നടപ്പായില്ലെന്നതാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന. രണ്ട് ദിവസമായി സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. എങ്ങും എത്താത്ത ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ പതിവു പോലെ പനിക്കിടക്കയില്‍ കിടത്തും എന്നുറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top