മുഖ്യമന്ത്രിയും ഗവര്‍ണറും മുഖാമുഖം വരും; നിയമസഭ ഇന്ന് മുതല്‍; ശ്രദ്ധിക്കപ്പെടുക നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് തുടങ്ങും. മാർച്ച് 27 വരെ ബജറ്റ് സമ്മേളനം ചേരാനാണ് തീരുമാനം. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. രാവിലെ 9 ന് നടത്തുന്നത് ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ്.

ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കെ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശമില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്രം ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ചെന്നും അർഹമായ ധനവിഹിതം കേരളത്തിനു നൽകുന്നില്ലെന്നുമുള്ള രൂക്ഷ വിമർശനം നയപ്രഖ്യാപനത്തിലുണ്ടാകും. കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഗവർണർ വായിക്കുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സംശയമുണ്ട്. വായിച്ചില്ലെങ്കിലും പ്രസംഗം സഭാരേഖകളിൽ ഇടംപിടിക്കും.

ഗവർണറെ സ്വീകരിച്ച് സഭയിലേക്ക് ആനയിക്കുന്നത് മുതൽ, ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ചുണ്ടാകും. രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയിൽ പരസ്പരം നോക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും ഇരുന്നത് വാർത്തയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലാവും സഭാസമ്മേളനം. തീയും പുകയും ഏറെ ഉയരും. ആരോപണ, പ്രത്യാരോപണങ്ങളും, വാദ പ്രതിവാദങ്ങളും സഭയെ പ്രക്ഷുബ്‌ധമാക്കിയേക്കും.

കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും ഭരണപക്ഷ ശ്രമം. കോൺഗ്രസിനും യുഡിഎഫിനും നേരെയും ആക്രമണം നീളും. നവ കേരള സദസ് പ്രതിപക്ഷം വിഷയമാക്കും. യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗൺമാനും തല്ലിച്ചതച്ചത് സഭയില്‍ ഉയര്‍ത്തും. കേസെടുക്കുന്നതിൽ പൊലീസിന്റെ പക്ഷപാതവും സഹകരണ ബാങ്കുകളിൽ നടന്ന തീവെട്ടിക്കൊള്ളകളും, അഴിമതി ആരോപണങ്ങളും പ്രതിപക്ഷ ആയുധങ്ങളാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top