ആലഞ്ചേരിയെ വെള്ളപൂശാന്‍ അനുവദിക്കില്ല; നിരപരാധിയെന്ന മാര്‍ തട്ടിലിന്റെ പരാമര്‍ശം അപക്വമെന്ന് അല്‍മായ മുന്നേറ്റം; അതിരൂപതയെ വഞ്ചിച്ചാല്‍ കനത്ത പ്രതിഷേധം

എറണാകുളം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവനയില്‍ പ്രതിഷേധം. സ്ഥാനാരോഹണ ദിവസം നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളിലാണ് എറണാകുളം അതിരൂപത അല്‍മായ മുന്നേറ്റം സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘കര്‍ദ്ദിനാള്‍ ആലഞ്ചേരി തെറ്റു ചെയ്തതായി ഞങ്ങളാരും വിശ്വസിക്കുന്നില്ല’ എന്ന മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളെയും വൈദികരെയും അവഹേളിക്കുന്നതാണെന്ന് അല്മായ മുന്നേറ്റത്തിന്റെ നിലപാട്.

ഭൂമി വില്‍പ്പനയില്‍ സാമ്പത്തിക നഷ്ടമുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിരൂപതക്ക് നഷ്ടപരിഹാര തുക നല്‍കണമെന്ന് ആലഞ്ചേരിയോട് നിര്‍ദേശിച്ചത് വത്തിക്കാനാണെന്നും അല്മായ മുന്നേറ്റം ആരോപിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭരണകാര്യങ്ങളിലും നിലപാടുകളിലും തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു എന്നു ഏറ്റുപറഞ്ഞ് ആലഞ്ചേരി തന്നെ സര്‍ക്കുലര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിനെല്ലാം വിപരീതമായ പ്രസ്താവനയാണ് മേജര്‍ ആര്‍ച്ചുബിഷപ്പില്‍ നിന്നുണ്ടായത്.

സഭയിലെ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ സമാധാനം കണ്ടെത്തുകയാണ് വേണ്ടത്. ഈ കാര്യം കൃത്യമായി അറിയാവുന്ന മേജര്‍ ആര്‍ച്ചുബിഷപ്പില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന വന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ തുറന്നു കാണിക്കുന്നതാണ്. പിന്തുണച്ചവര്‍ക്കുള്ള നന്ദി സൂചകമായി അതിരൂപതയെ വഞ്ചിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന നടപടികളുണ്ടായാല്‍ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അല്‍മായ മുന്നേറ്റം അതിരൂപതാ കോര്‍കമ്മറ്റി നല്‍കുന്നു. ഇന്നലെയാണ് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്തത്.

കഴിഞ്ഞ കുറച്ചു നാളുകളായി സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി രൂപതയില്‍ തര്‍ക്കം തുടരുകയാണ്. രൂപതയുടെ ഉടമസ്ഥതയിലുളള ഭൂമി വിറ്റതില്‍ തുടങ്ങി ഏകീകൃത കുര്‍ബാനയില്‍ വരെ തര്‍ക്കം നിലനില്‍ക്കുകയാണ്. തര്‍ക്കം രൂക്ഷമായതോടെയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാനം രാജിവച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top