മെത്രാനെ മര്യാദ പഠിപ്പിക്കാൻ സാമ്പത്തിക ഉപരോധം; എറണാകുളം -അങ്കമാലി അതിരൂപതയിൽ അസാധാരണ നീക്കം
എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികനായിരുന്ന ഫാ.ജോർജ് പുത്തൻപുരയുടെ നിര്യാണത്തെ തുടർന്ന് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകാനെത്തിയ അതിരൂപതാ അധ്യക്ഷൻ മാർ ബോസ്കോ പുത്തൂരിന് ഒരു വിഭാഗം വിശ്വാസികൾ ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് മാറിനിൽക്കേണ്ടി വന്നു. ഇതേ വേദിയിൽ അനുശോചന സന്ദേശം നൽകാൻ ശ്രമിച്ച പുതിയ വികാരി ജനറാൾ ജേക്കബ് ജി പാലക്കാപ്പിളളിയെ വൈദികർ തന്നെ തടഞ്ഞു. ഇതാണ് സിറോ മലബാർ സഭയുടെ കേരളത്തിലെ പ്രബലമായ രൂപതകളിലൊന്നിൻ്റെ ഇപ്പോഴത്തെ അവസ്ഥ.
ഇപ്പോൾ ഈ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയുമാണ്. കുർബാന വിവാദത്തെത്തുടർന്ന് സഭാനേതൃത്വവും വിശ്വാസികളും തമ്മിൽ നിലനിൽക്കുന്ന ഏറ്റുമുട്ടലിനെ തുടർന്ന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് രൂപതാ നേതൃത്വത്തിനെതിരെ തിരിച്ചടിക്കാനാണ് വിശ്വാസി സംഘടനയുടെ തീരുമാനം. സഭയുടെ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ലാഭവിഹിതവും മറ്റ് വരുമാനങ്ങളും അതിരൂപതയ്ക്ക് ഇനി മുതൽ നൽകേണ്ടതില്ല എന്ന കടുത്ത തീരുമാനമാണ് വിശ്വാസികളുടെ സംഘടനയായ ആത്മായ മുന്നേറ്റം സ്വീകരിച്ചിരിക്കുന്നത്. ഇതിനും പുറമേ വിശ്വാസികൾ സാധാരണയായി അതിരൂപതയ്ക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങളും നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിരൂപതയിലെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട ബിഷപ്പ് ബോസ്കോ പുത്തൂരിൻ്റെ ഏകപക്ഷീയ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ആത്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അതിരൂപതയിലെ പാരിഷ് കൗൺസിലുകൾ ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഇടവക വികാരിമാർക്ക് നൽകിയതായി കാഞ്ഞൂക്കാരൻ പറഞ്ഞു.
അതിരൂപതാ നേതൃത്വത്തിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള പ്രമേയം രൂപതയിലെ ബഹുഭൂരിപക്ഷം ഇടവകകളും പാസാക്കിയതായി അതിരൂപതാ പ്രിസ്ബിറ്ററി കൗൺസിൽ സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ വ്യക്തമാക്കി. അതിരൂപതയിലെ 328 ഇടവകകളും, ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം വിശ്വാസികളും സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഫലത്തിൽ രൂപതയിലെ മെത്രാനും ഭരണസമിതിയും ഒരുപക്ഷത്തും, ബഹുഭൂരിപക്ഷം വൈദികരും അത്മായരും മറുപക്ഷത്തും നിന്ന് ഗോഗ്വാ വിളിക്കുന്ന അതിവിചിത്ര കാഴ്ചയാണ് ഇവിടെ.
കുർബാനയർപ്പണ രീതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് ബിഷപ്പ് ബോസ്കോ പുത്തൂരിനെ വത്തിക്കാൻ നേരിട്ടിടപെട്ട് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. എന്നാൽ നേരത്തെയുണ്ടാക്കിയ ധാരണകൾ ഇദ്ദേഹം സ്ഥാനമേറ്റ ഉടൻ ഏകപക്ഷീയമായി ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളായി വിശ്വാസികളും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും തമ്മിൽ ഏറ്റുമുട്ടലിൻ്റെ പാതയിലാണ്. ഈ മാസം ഒമ്പതിന് അതിരൂപതാ ഭരണസമിതിയായ കൂരിയ പുനഃസംഘടിപ്പിച്ചതിനെ തുടർന്നാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. പുതിയതായി രൂപീകരിച്ച ഭരണസമിതിയുമായി സഹകരിക്കേണ്ട എന്ന നിലപാടിലാണ് അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും. സഭാസ്ഥാപനങ്ങളിലും പള്ളികളിലും പുതിയ കൂരിയ അംഗങ്ങളെ പ്രവേശിപ്പിക്കില്ലെന്നും ആത്മായ മുന്നേറ്റം നിലാപാട് എടുത്തിട്ടുണ്ട്.
ഇത് കൂടാതെ പരിശീലനം പൂർത്തിയാക്കിയ എട്ട് ഡീക്കന്മാർക്ക് വൈദികപട്ടം കൊടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ബോസ്കോ പുത്തൂരിൻ്റെ നടപടിയിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. മെത്രാന്മാരുടെ സിനഡ് തീരുമാനിച്ചത് പ്രകാരമുള്ള ജനാഭിമുഖ കുർബാന അർപ്പിക്കാമെന്ന് രേഖാമൂലം എഴുതിക്കൊടുക്കണമെന്ന നിബന്ധനയാണ് ഡീക്കന്മാർക്ക് മുന്നിൽ വച്ചിരിക്കുന്നത്. എറണാകുളം അങ്കമാലി രൂപതയിലെ ബഹുഭൂരിപക്ഷത്തിൻ്റെ നിലപാടിനൊപ്പം നിൽക്കുന്നവർക്ക് അതിന് കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇത് ഇരുപക്ഷത്തിനുമിടയിൽ കീറാമുട്ടിയായി തുടരുകയാണ്.
കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട ഭൂമിവില്‍പന വിവാദത്തിൽ പ്രതിസ്ഥാനത്ത് നിന്ന ഫാദര്‍ ജോഷി പുതുവ അടക്കമുള്ളവർക്ക് നിര്‍ണായക ചുമതലകള്‍ നല്‍കിക്കൊണ്ടാണ് ബിഷപ്പ് ബോസ്കോ പുത്തൂർ ഭരണസമിതി പുനസംഘടിപ്പിച്ചത്. ധാര്‍മികത തൊട്ടുതീണ്ടാത്ത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും കൂരിയയും ഇറക്കുന്ന യാതൊരു കല്പനകളും അതിരൂപതയിലെ വൈദികര്‍ സ്വീകരിക്കില്ല എന്ന് ഈമാസം 11ന് ചേർന്ന വൈദിക യോഗം തീരുമാനിച്ചിട്ടുണ്ട്. ഇടവകകളില്‍ നിന്നുള്ള ഭദ്രാസന ഫീസും മറ്റു പിരിവുകളും ഈ അവസ്ഥ മാറുന്നതു വരെ നല്കുകയില്ലെന്നും പ്രമേയം പാസാക്കിയിട്ടുണ്ട്. ബോസ്കോ മെത്രാനും ഇപ്പോഴത്തെ കൂരിയാംഗങ്ങളും രാജിവച്ചൊഴിയും വരെ ശക്തമായി പോരാടുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here