ആര്‍ച്ചുബിഷപ്പ് താഴത്തിനെ അംഗീകരിക്കില്ല, മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിക്കുന്നു; ജനാഭിമുഖ കുര്‍ബാന അട്ടിമറിക്കാൻ അനുവദിക്കില്ല; കടുത്ത നിലപാടില്‍ എറണാകുളം – അങ്കമാലി വൈദികര്‍
കൊച്ചി : സീറോ മലബാര്‍ സഭയിലെ കുര്‍ബാന രീതി സംബന്ധിച്ച തര്‍ക്കത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അതിരൂപതയിലെ ഭൂരിഭാഗം വൈദികരുടേയും നിലപാട്. ഫാ.ജോസ് ഇടശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കൂടുതൽ കടുത്ത നിലപാടിലേക്ക് നീങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. മാർ താഴത്തിനെ അംഗീകരിക്കില്ല എന്ന് മുൻപ് തന്നെ ഇവർ നിലപാട് എടുത്തിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ അദേഹത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും അച്ചടക്ക നടപടി ഉണ്ടായാൽ നേരിടാനുമാണ് തീരുമാനം. വൈദികരും വിശ്വാസികളും പിന്തുണയ്ക്കുന്ന ജനാഭിമുഖ കുര്‍ബാന നിര്‍ത്തലാക്കാനുള്ള സൂത്രപണികള്‍ ആര്‍ച്ചുബിഷപ്പ് നടത്തുന്നു. ഇക്കാര്യത്തിൽ വത്തിക്കാനെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതിരൂപതാ സംരക്ഷണ സമിതിയംഗം ഫാ പോള്‍ ചിറ്റിനപ്പിള്ളി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
റോമിലുള്ള സ്വാധീനം ഉപയോഗിച്ച് മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിക്കുന്നു
കുര്‍ബാന രീതി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ അതിരൂപതയുടെ നിലപാട് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതിയുടെ ആരോപണം. വിശ്വാസികളുടെയും വൈദികരുടെയും ആഗ്രഹം ജനാഭിമുഖ കുര്‍ബാനയാണെന്നത് അറിയിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. പകരം മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയതത്. എറണാകുളം അതിരൂപതയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം താഴത്തിന്റെ ഈഗോയാണെന്നും ഇവര്‍ ആരോപിക്കുന്നു. റോമിലുള്ള സ്വാധീനം ഉപയോഗിച്ച് ഏതാനും വൈദികരും വിശ്വാസികളും സിനഡ് കുര്‍ബാനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് വരുത്തി തീര്‍ക്കുകയാണ്. കുര്‍ബാനയുടെ ഏറ്റവും പ്രാധാന്യമുള്ള ഘട്ടത്തിലാണ് വിശ്വാസികളില്‍ നിന്ന് തിരിഞ്ഞ് നില്‍ക്കണം എന്ന് പറയുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫാ:പോള്‍ ചിറ്റിനപ്പിള്ളി പറഞ്ഞു. ഏകീകൃത കുര്‍ബാന രീതി അംഗീകരിച്ചില്ലെങ്കില്‍ വൈദിക വൃത്തിയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഭൂരിഭാഗം വൈദികരും ഇത് വകവയ്ക്കാതെ വന്നതോടെയാണ് കുതന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മാര്‍പാപ്പയോ മെത്രാനോ മാത്രമല്ല സഭയെന്നും, സഭയെന്നാല്‍ ദൈവജനമാണെന്നും നിലപാടെടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിഛായയെ തകര്‍ക്കുന്ന വിധത്തിലാണ് ആര്‍ച്ചുബിഷപ്പ് പ്രവര്‍ത്തിക്കുന്നത്. എതിര്‍പ്പ് പറഞ്ഞതിന്റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് ആര്‍ച്ചുബിഷപ്പ് അതിരൂപതയിലെ ബസിലിക്കയും മൈനര്‍ സെമിനാരിയും പൂട്ടിയിട്ടിയിരിക്കുന്നത്. 12 വര്‍ഷം വിവിധ സെമിനാരികളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്‍മാര്‍ക്ക് വൈദികപട്ടം നല്‍കാത്തത് മനുഷ്യത്വരഹിതമായ നടപടിയാണ്. പ്രശ്ന പരിഹാരത്തിന് പല വിട്ടുവീഴ്ചകള്‍ക്കും സമ്മതിച്ച് 9 അംഗ മെത്രാന്‍ സമിതിയും വൈദികരും അല്മായ പ്രതിനിധികളും സിനഡില്‍ ചര്‍ച്ച ചെയ്ത് രൂപീകരിച്ച ധാരണ പോലും ആര്‍ച്ചുബിഷപ്പ് അട്ടിമറിക്കുകയാണെന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
നടപടിക്രമം പാലിക്കാത്ത ഒരു തീരുമാനവും അംഗീകരിക്കില്ല
കുര്‍ബാന ക്രമത്തില്‍ നടപടിക്രമങ്ങള്‍ തെറ്റിച്ച് സീറോ മലബാര്‍ സഭ സിനഡ് എടുത്ത തീരുമാനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലപാട്. ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കീഴടങ്ങില്ല. താഴത്തിനെ സ്ഥാനത്തുനിന്നു മാറ്റാതെ ഇവിടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ല എന്ന് പലവട്ടം വത്തിക്കാനെ അറിയിച്ചിട്ടും ചെവികൊള്ളാത്തതിന്റെ ദുരന്തം ഇനിയും ഇവിടെ ഉണ്ടാകും. ധാരണകള്‍ പാലിക്കാതെയുള്ള തീരുമാനമാണ് വത്തിക്കാനില്‍ നിന്നും വരുന്നതെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. അതിന്റെ പേരില്‍ എന്ത് ശിക്ഷാ നടപടികള്‍ വന്നാലും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി സ്വീകരിച്ചിരിക്കുന്ന നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here