ക്രിസ്മസിനും തുറക്കില്ല എറണാകുളം ബസിലിക്ക; തീരാതെ കുര്‍ബാന തര്‍ക്കം; ഒരു അടിച്ചേല്‍പ്പിക്കലും അംഗീകരിക്കില്ലെന്ന നിലപാടില്‍ എറണാകുളം-അങ്കമാലി അതിരൂപത

എറണാകുളം: എറണാകുളം സെ. മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളിയും അതിന്റെ കീഴിലുള്ള വടുതല തിരുഹൃദയ ദൈവാലയവും ക്രിസ്മസ് ദിനത്തില്‍ തുറക്കില്ല. സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം പരിഹാരമില്ലാതെ തുടരന്നതിനാലാണ് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. വത്തിക്കാന്റെ ഏകപക്ഷീയമായ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ നിലപാട്. വൈദികരുടേയും വിശ്വാസികളുടേയും പിന്തുണയില്ലാതെ ബസലിക്ക തുറന്നാലുണ്ടാകുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. സമാധാനാന്തരീക്ഷം സംജാതമാകുന്നതുവരെ തല്‍സ്ഥിതി തുടരാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി അപ്പസ്‌തോലിക്ക് ഡെലഗേറ്റ് മാര്‍ സിറിള്‍ വാസില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലും സമവായം ഉണ്ടാക്കാന്‍ സാധിച്ചില്ല. എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി, അല്മായ മുന്നേറ്റം തുടങ്ങിയ സംഘടനകളുമായും വൈദികരുമായും സിറിള്‍ വാസില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളിലെല്ലാം സിനഡ് ചര്‍ച്ചയില്‍ അംഗീകരിച്ച സമവായം മാത്രമേ അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഭൂരിഭാഗം വൈദികരും അറിയിച്ചത്. വര്‍ഷത്തിലൊരിക്കല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്താം. എറണാകുളം ബസിലിക്ക സിറോ മലബാര്‍ സഭയുടെ ആസ്ഥാന ദേവാലയമായതിനാല്‍ വിശേഷ ദിവസങ്ങളില്‍ ഏകീകൃത രീതിയില്‍ കുര്‍ബാന നടത്താം എന്നുമുള്ള സിനഡ് ധാരണ അംഗീകരിക്കാമെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാതെ ഏകീകൃത കുര്‍ബാന തന്നെ എറണാകുളം – അങ്കമാലി രൂപതയില്‍ നടത്താന്‍ വത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഏകീകൃത കുര്‍ബാന അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ച് ക്രിസ്മസ് ദിനത്തില്‍ ഒരു കുര്‍ബാന മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികര്‍ തയ്യാറായിട്ടുള്ളത്. മറ്റ് ദിവസങ്ങളില്‍ എറണാകുളം – അങ്കമാലി രൂപതിയിലെ പതിവ് ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്നാണ് ഇവരുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top